തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചത് വ്യക്തിഹത്യ താങ്ങാനാകാതെയെന്ന് മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി സനിൽ. ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി. പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ അപവാദം പറഞ്ഞു. പനങ്ങോട്ടേല വാർഡിൽ ബിജെപി തന്നെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചതെന്നും ശാലിനി സനിൽ പറഞ്ഞു.
സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താൽപര്യം. നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നതെന്നും ശാലിനി സനിൽ പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും ചികിത്സയ്ക്ക് ശേഷം ശാലിനി വീട്ടിൽ തിരിച്ചെത്തി. നെടുമങ്ങാട് സ്വദേശിനിയായ ശാലിനി ബിജെപിയുടെ സജീവ പ്രവത്തകയാണ്.
നെടുമങ്ങാട് നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ആകെ 42 വാര്‍ഡുകളാണ് ഉള്ളത്. അതില്‍ ഏഴ് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത ഏഴ് വാര്‍ഡുകളില്‍ ഒന്നായ പനയ്‌ക്കോട്ടല വാര്‍ഡിലേക്ക് മത്സരിക്കാന്‍ ശാലിനിയെ പരിഗണിച്ചിരുന്നു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 26-ാം വാര്‍ഡ് ആണ് പനയ്‌ക്കോട്ടല.
ഈ വാര്‍ഡിലേക്ക് ബിജെപി പ്രവര്‍ത്തക ശാലിനിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നാലെ ആര്‍എസ്എസ് ശാലിനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകായിരുന്നു. ശാലിനി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)