Source: ഫയൽ
Local Body Poll

75 സീറ്റിൽ പാർട്ടി മത്സരിക്കും,  മൂന്ന് ഏരിയ സെക്രട്ടറിമാരും സ്ഥാനാർഥികൾ, തലസ്ഥാനത്ത് കോർപ്പറേഷൻ പോരിന് കച്ചമുറുക്കി സിപിഐഎമ്മും

വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, പാളയം സെക്രട്ടറി വഞ്ചിയൂർ ബാബു, വിളപ്പിൽ സെക്രട്ടറി ആർ പി ശിവജി എന്നിവർ മത്സരിക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കോർപ്പറേഷൻ പോരിന് കച്ചമുറുക്കി സിപിഐഎമ്മും. മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആകെ 75 സീറ്റിൽ പാർട്ടി മത്സരിക്കും. അതിനിടെ കോർപറേഷനിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ രാജി തുടരുകയാണ്. മണക്കാട് സുരേഷ് നേമം തെരഞ്ഞെടുപ്പ് കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചു. പാലക്കാട് കോൺഗ്രസ് വിട്ടവർ തിരിച്ചെത്തിയപ്പോൾ ലീഗിൽ വിമത ശല്യം തലപൊക്കി. എറണാകുളത്ത് സിപിഐ കൌൺസിലർ സിപിഐമ്മിലേക്ക് പോയി.

ഇന്ന് ചേർന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ മൂന്ന് 3 ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, പാളയം സെക്രട്ടറി വഞ്ചിയൂർ ബാബു, വിളപ്പിൽ സെക്രട്ടറി ആർ പി ശിവജി എന്നിവർ മത്സരിക്കും. ആകെ 75 സീറ്റിൽ സിപിഐഎം മത്സരിക്കും. 17 സീറ്റിൽ സിപിഐ സ്ഥാനാർഥികളുണ്ടാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് INTUC സംസ്ഥാന സെക്രട്ടറി യു.എസ് സാബു സിപിഐഎമ്മിൽ ചേർന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ സ്വാധീനിച്ചെന്ന് സാബു പറഞ്ഞു.

അതേസമയം, കോർപറേഷൻ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിൽ രാജി തുടരുകയാണ്. മണക്കാട് സുരേഷ് നേമം തെരഞ്ഞെടുപ്പ് കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം ഇന്ന് രാജിവച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷെജീറിനെ നേമം വാഡിൽ മത്സരപ്പിക്കുന്നതിനെതിരെയാണ് രാജി. രാജിയിൽ മണക്കാട് സുരേഷിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി .തർക്കം തുടരുന്നതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും കോൺഗ്രസ് പ്രഖ്യാപിച്ചു . 16 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

കോൺഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിൽ ഇനി പ്രഖ്യാപിക്കാൻബാക്കിയുള്ളത് 7 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ്. പാലക്കാട്ട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും വി ഫോർ പട്ടാമ്പി നേതാവുമായ ടി പി ഷാജി രാജി വെച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തി. കെപിസിസി ആസ്ഥാനത്ത് ടി പി ഷാജിയെയും പ്രവർത്തകരെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പാർട്ടിയിലേക്ക് സ്വീകരിച്ചു.

ജില്ലയിൽ മുസ്ലിം ലീഗിൽ വിമതരും സജീവമായി..പിരായിരി പഞ്ചായത്തിൽ മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഒരു വിഭാഗം മത്സരരംഗത്തെത്തി. പിരായിരി 7 ആം വാർഡിൽ ലീഗ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ് എം നാസറാണ് ഔദ്യോഗിക സ്ഥാനാർത്ഥി എ എ ഇബ്രാഹിമിനെതിരെ മത്സരിക്കാനെത്തിയത്. എറണാകുളത്ത് തൃക്കാക്കരയിൽ സിപിഐ കൗൺസിലർ എം.ജെ ഡിക്സൻ രാജിവച്ചു. ഏറെ നാളായി സിപിഐ പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഇനി സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കുമെന്ന് ഡിക്സൻ പറഞ്ഞു.

മലപ്പുറം മമ്പാട് പഞ്ചായത്തിൽ UDF വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്തി. എന്നാൽ UDF - വെൽഫെയർ പാർട്ടി ധാരണ സംബന്ധിച്ച ചോദ്യങ്ങളോട് കുറച്ചു കൂടി കാത്തിരിക്കൂ എന്നായിരുന്നു ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കൊല്ലം കോർപ്പറേഷനിൽ 10 ഡിവിഷനുകളിലേക്ക് ആർ എസ് പി സ്ഥാനാർത്ഥിളെ പ്രഖ്യാപിച്ചു . പുതുമുഖങ്ങളെ ആണ് പാർട്ടി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത് . അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ പരസ്യമായി നിലപാട് പറയേണ്ടി വരുമെന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് പറഞ്ഞു. ഇപ്പോൾ പ്രത്യേകമായൊരു നിലപാട് സഭക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT