എറണാകുളം ഡിസിസി Source: News Malayalam 24x7
Local Body Poll

നേതാക്കളുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്ന് തീരുമാനം; എറണാകുളം ജില്ലാ പഞ്ചായത്ത് കോൺഗ്രസ്‌ സ്ഥാനാർഥികളെ മാറ്റേണ്ടതില്ലെന്ന് ഡിസിസി നേതൃത്വം

മുഹമ്മദ് ഷിയാസ്,ഹൈബി ഈഡൻ,അൻവർ സാദത്ത് അടക്കമുള്ള നേതാക്കളുടേതാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി നിർണയത്തിൽ മാറ്റം വരുത്താതെ ഡിസിസി. മാത്യു കുഴൽനാടൻ, അജയ് തറയിൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ എതിർപ്പ് അവഗണിച്ചിരിക്കുകയാണ് ജില്ലാ നേതൃത്വം. നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി സ്ഥാനാർഥി നിർണയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഡിസിസി തീരുമാനം. മുഹമ്മദ് ഷിയാസ്,ഹൈബി ഈഡൻ,അൻവർ സാദത്ത് അടക്കമുള്ള നേതാക്കളുടേതാണ് തീരുമാനം.

ഇന്നലെ രാത്രി യോഗം ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മുഹമ്മദ് ഷിയാസ്,ഹൈബി ഈഡൻ,അൻവർ സാദത്ത് എംഎൽഎ,ടി.ജെ. വിനോദ് എംഎൽഎ,എൽദോസ് കുന്നപ്പിള്ളി എംഎൽഎ തുടങ്ങിയ നേതാക്കളായിരുന്നു യോഗം ചേർന്നത്. സ്ഥാനാർഥി നിർണയത്തിൽ ജില്ലയിലെ ഏഴ് പ്രമുഖ നേതാക്കൾ അതൃപ്തി അറിയിച്ചിരുന്നു. മാത്യു കുഴൽനാടൻ, അജയ് തറയിൽ, എം.ആർ. അഭിലാഷ്, അബ്ദുൽ മുത്തലീബ്, ജെയ്സൺ ജോസഫ് എന്നിവരാണ് ഇടഞ്ഞ് നിൽക്കുന്നത്.

ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി നിർണയം ഏകപക്ഷീയമായെന്ന് ആരോപിച്ചാണ് നേതാക്കൾ കലാപക്കൊടി ഉയർത്തിയത്. പിന്നാലെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മാത്യു കുഴൽനാടനും അജയ് തറയിലും അടക്കമുളള നേതാക്കൾ അറിയിക്കുകയായിരുന്നു.

നെല്ലിക്കുഴി ഡിവിഷനിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ പാറേക്കുടിയെ തഴഞ്ഞതിലും ഇവർക്ക് അതൃപ്തിയുണ്ട്. അതേസമയം സ്ഥാനാർഥിത്വം ലഭിച്ചില്ലെങ്കിലും പാർട്ടി തീരുമാനം എന്തു തന്നെയായാലും അതിനോടൊപ്പം അടിയുറച്ച് നിൽക്കുമെന്ന് ബേസിൽ പറഞ്ഞു.

SCROLL FOR NEXT