Local Body Poll

ആദ്യം വിമതശല്യം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂറുമാറ്റം; പിന്നാലെ അയോഗ്യരായത് ആരൊക്കെ?

2020ലെ തെരഞ്ഞെടുപ്പിനു ശേഷം നൂറിലേറെ പേരാണ് സംസ്ഥാനത്ത് അയോഗ്യരാക്കപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പിന് മുൻപ് വിമതരുടെ ശല്യമാണെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം പക്ഷെ മുന്നണികളുടെ പേടി സ്വപ്നം കൂറുമാറ്റമാണ്. ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിലും, മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലും ഈ അടുത്തായി നമ്മൾ കണ്ടതാണ് കൂറുമാറ്റ കലാപരിപാടികൾ. കൂറുമാറ്റം സംഭവിച്ചാൽ മറ്റൊന്നുകൂടിയുണ്ടാകും. അയോഗ്യത. അതെങ്ങനെയാണ് സംഭവിക്കുന്നത്? ആരൊക്കെയാണ് അയോഗ്യരായവർ?

പഞ്ചായത്ത് തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംഭവിക്കുന്ന കാര്യമുണ്ട്. അതിന്‍റെ പേരാണ് കൂറുമാറ്റം. കൂറുമാറ്റം സംഭവിച്ചാൽ മറ്റൊന്നുകൂടിയുണ്ടാകും. അയോഗ്യത. അതെല്ലാവർക്കും കിട്ടാറില്ലെങ്കിലും കിട്ടുന്നവരുടെ കാര്യം പിന്നെ കഷ്ടമാണ്. 2020ലെ തെരഞ്ഞെടുപ്പിനു ശേഷം നൂറിലേറെ പേരാണ് സംസ്ഥാനത്ത് അയോഗ്യരാക്കപ്പെട്ടത്. സ്ഥാനത്തു നിന്നു പുറത്താകുന്നതിനൊപ്പം മൽസരിക്കാനുള്ള അയോഗ്യത ആറുവർഷത്തേക്കാണ്. ഇത്തവണ കൂറുമാറ്റത്തിന്‍റെ ആസ്ഥാനമായിരുന്നു ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്ത്. വൈസ് പ്രസിഡന്‍റ് ഉൾപ്പെടെ നാലു പേർക്കാണ് ഇവിടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അയോഗ്യത ഉണ്ടായത്. വൈസ് പ്രസിഡന്‍റ് വി ബാലചന്ദ്രൻ, അംഗങ്ങളായ പ്രവീണ രവികുമാർ, എം രാജേന്ദ്രൻ, പി തങ്കമുടി എന്നിവരാണ് അയോഗ്യരായത്.

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിന് അഞ്ചു വർഷത്തിനിടെ നാലു പ്രസിഡന്‍റുമാരാണ് ഉണ്ടായത്. ഈ മാറ്റത്തിന് സംസ്ഥാന തലത്തിലുള്ള രാഷ്ട്രീയവുമായും ബന്ധമുണ്ട്. എൽഡിഎഫ് 10, യുഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്‍റിനേയും വൈസ് പ്രസിഡന്‍റിനേയും കിട്ടി.

അന്ന് ഇടതുപക്ഷത്തായിരുന്ന പി വി അൻവറിന്‍റെ നേതൃത്വത്തിലുള്ള ഇടപെടലിനെ തുടർന്നാണെന്നു പറയുന്നു എൽഡിഎഫ് ഭരണം പിടിച്ചു. പിന്നാലെ പി വി അൻവർ ഇടതുബന്ധം ഉപേക്ഷിച്ചതോടെ വീണ്ടും കൂറുമാറ്റം ഉണ്ടായി. വീണ്ടും പ്രസിഡന്‍റ് മാറി. കൂറുമാറിയയാൾക്ക് അയോഗ്യത വന്നതോടെ വീണ്ടുമൊരു പ്രസിഡന്‍റിനെക്കൂടി വാഴിക്കേണ്ടി വന്നു. അങ്ങനെയാണ് ചുങ്കത്തറയ്ക്ക് അഞ്ചാണ്ടിനിടെ നാലു പ്രസിഡന്‍റുമാരെ കിട്ടിയത്.

ഇടുക്കിയിലെ രണ്ടു പഞ്ചായത്ത് പ്രസിഡന്‍റുമാർ ഇക്കാലയളവിൽ അയോഗ്യരായി. രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റ് ടി സി ബിനു, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയൻ എന്നിവരാണ് ആറുവർഷത്തേക്ക് അയോഗ്യത നേരിട്ടത്. ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി എസ് സരിതയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയായി. പത്തനംതിട്ട പുറമറ്റം പഞ്ചായത്തംഗം സൌമ്യ വിജയൻ, കോട്ടയം തിടനാട് ഗ്രാമപഞ്ചായത്തംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ചിറ്റാർ പഞ്ചായത്തംഗം സജി വർഗീസ് എന്നിവരെക്കെ ഇക്കാലത്തിനിടയ്ക്ക് അയോഗ്യരായവരാണ്.

മാന്നാർ പഞ്ചായത്തിൽ അയോഗ്യനാക്കപ്പെട്ട അംഗത്തിന്‍റെ പേരു തന്നെ സുനിൽ ശ്രദ്ധേയം എന്നാണ്. ഹൈക്കോടതി ഇടപെട്ടാണ് അയോഗ്യനാക്കിയത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ സി പി ലീന, മുട്ടാർ പഞ്ചായത്തിലെ ബോബൻ ജോസ്, ലിനി ജോളി എന്നിവരും അയോഗ്യരായി. കേരളാ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശേഷം കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്ന വെളിയനാട് പഞ്ചായത്ത് പ്രസിഡന്‍റ് എം പി സജീവും അയോഗ്യനായത് ഇക്കാലത്താണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അയോഗ്യരാക്കപ്പെട്ടവരുടെ എണ്ണം ഇങ്ങനെ എണ്ണിയെടുത്താൽ നൂറു കടക്കും . അയോഗ്യത എത്രവന്നാലും ഇനിയും കൂറുമാറാൻ ആളെക്കിട്ടും എന്നാണ് പഞ്ചായത്ത് ചരിത്രം പഠിപ്പിക്കുന്നത്.

SCROLL FOR NEXT