Source: Facebook
Local Body Poll

സ്ഥാനാർഥികളിൽ ഭൂരിഭാഗവും കൃഷ്ണകുമാർ പക്ഷത്തു നിന്നും, പ്രമീള ശശിധരനേയും ഇ. കൃഷ്ണദാസിനേയും ഒഴിവാക്കി; പാലക്കാട് ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു

മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി ധാരണയിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ഇത്തവണ സ്ഥാനാർഥികളിൽ ഭൂരിഭാഗവും സി. കൃഷ്ണകുമാർ പക്ഷത്തുള്ളവരാണ്. പ്രശാന്ത് ശിവനും മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയപ്പോൾ ചെയർപേഴ്സൺ പ്രമീള ശശിധരൻ , വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് എന്നിവരെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി.

പട്ടിക തയ്യാറാക്കുന്നതിൽ പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നും പരാതിയുണ്ട്. പല സീറ്റുകളിലും തർക്കം നിലനിൽക്കുകയാണ്. സംസ്ഥാന നേതൃത്വത്തെ വിളിച്ചു ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പരാതി പറഞ്ഞതായാണ് വിവരം. പാലക്കാട് ജില്ലയുടെ ചാർജുള്ള കെ.കെ. അനീഷ് കുമാർ ഉൾപ്പടെയുള്ളവർ സംഭവത്തിൽ ഇടപെട്ടിരുന്നു.

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമായതിനെ തുടർന്ന് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

SCROLL FOR NEXT