എം. മുകേഷ്, നടൻ ദിലീപ് Source: News Malayalam 24x7
Local Body Poll

"സമ്മതിദാന അവകാശം എല്ലാവരും വിനിയോഗിക്കണം"; തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും

നടന്മാരായ ആസിഫ് അലി, രഞ്ജി പണിക്കർ, ലാൽ എന്നിവർ കൊച്ചിയിൽ വോട്ട് രേഖപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിൽ വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും, സിനിമാ താരങ്ങളും. സമ്മതിദാന അവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് വോട്ട് ചെയ്ത ശേഷം ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാലയിലും വോട്ട് ചെയ്തു. നടന്മാരായ ആസിഫ് അലി, രഞ്ജി പണിക്കർ, ലാൽ എന്നിവർ കൊച്ചിയിൽ വോട്ട് രേഖപ്പെടുത്തി. കാവ്യക്കൊപ്പമെത്തിയാണ് നടൻ ദിലീപ് വോട്ട് രേഖപ്പെടുത്തിയത്.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് സംസ്ഥാന തെരഞെടുപ്പ് കമ്മീഷണർ രത്തൻ യു. ഖേൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷന് കീഴിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ഗവർണർ രാജേന്ദ്ര ആർലേക്കറിനും വോട്ട് ഉണ്ടായിരുന്നത്.

മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ്, പി. രാജീവ് തുടങ്ങിയവരും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. വി. ശിവൻകുട്ടി തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളിലും, വീണാ ജോർജ് ആനപ്പാറ എൽപി സ്കൂളിലും, സജി ചെറിയാൻ കൊഴുവല്ലൂർ സിഎംഎസ് എൽപി സ്കൂളിലും, പി. രാജീവ് കളമശേരി സൈന്റ്റ് പോൾസ് കോളേജിലുമെത്തിയാണ് വോട്ട് ചെയ്തത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലെ കേസരി കോളേജിലും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല സർക്കാർ യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. കുടുംബസമേതമാണ് നേതാക്കൾ വോട്ട് ചെയ്യാനെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ നഗരസഭ കൈതവന വാർഡിൽ കണിയാങ്കുളം എൻഎസ്എസ് കരയോഗം ഹാളിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി തലസ്ഥാനത്തെ സംസ്‌കൃത കോളേജിലെത്തി തെരഞ്ഞെടുപ്പിൽ പങ്കാളിയായി.

യുഡിഎഫ് നേതാക്കളായ എൻ കെ പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, ശശി തരൂർ, കെ. മുരളീധരൻ, തുടങ്ങിയ നേതാക്കളും അവരവരുടെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കി തിരക്കുകൾക്കിടയിലും താരങ്ങളും വോട്ട് ചെയ്യാനെത്തി. ഇടുക്കിയിൽ നടൻ ആസിഫ് അലി വോട്ട് ചെയ്തു. നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കറും, സംവിധായകനും നടനുമായ ലാലും എറണാകുളത്തെ ബൂത്തുകളിൽ വോട്ടുകൾ രേഖപ്പെടുത്തി. കുടുംബസമേതമെത്തിയ നടൻ ദിലീപ് ആലുവ നഗരസഭയിലേക്കുള്ള പോളിങ്ങിൽ പങ്കാളിയായി.

SCROLL FOR NEXT