കണ്ണൂര്‍: നവീന്‍ ബാബുവിന്റെ കേസ് അട്ടിമറിച്ചതുകൊണ്ടാണ് സ്ഥാനാര്‍ഥിത്വം ലഭിച്ചതെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മുന്‍ എസിപി ടി.കെ. രത്‌നകുമാര്‍. താന്‍ കേസൊന്നും അട്ടിമറിക്കാന്‍ പോയിട്ടില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നെഞ്ചില്‍ തൊട്ട് ഏറ്റെടുക്കുകയാണെന്നും ടി.കെ. രത്‌നകുമാര്‍ പറഞ്ഞു.
ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ടി.കെ. രത്‌നകുമാര്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല രത്‌നകുമാറിനായിരുന്നു.
രത്‌നകുമാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. നവീന്‍ ബാബു കേസ് അട്ടിമറിച്ചതിന്റെ പ്രതിഫലമാണ് സീറ്റെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ചുവെന്ന് യുഡിഎഫ് നേതാവ് പിടി മാത്യു വിമര്‍ശിച്ചിരുന്നു.
സര്‍വീസില്‍ ഇരിക്കെ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ സഹായം ചെയ്തതിനുള്ള പ്രതിഫലമാണിതെന്നും നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന സമീപനമാണിതെന്നും തെരഞ്ഞെടുപ്പില്‍ നവീന്‍ ബാബുവിന്റെ മരണം ചര്‍ച്ചയാകുമെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.
വിരമിച്ച് രണ്ട് മാസം കൊണ്ട് സിപിഐഎം സ്ഥാനാര്‍ഥിയായി എന്നതില്‍ എല്ലാം ഉണ്ടെന്നും പ്രതിപക്ഷത്തിന്റെ മുഴുവന്‍ ആരോപണങ്ങളും ശരിയായെന്നും തെരഞ്ഞെടുപ്പില്‍ നവീന്‍ ബാബു വിഷയം ചര്‍ച്ചയാകുമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സ്ഥാനാര്‍ഥി തന്നെ രംഗത്തെത്തിയത്.