Local Body Poll

തദ്ദേശം ആരെ തുണയ്ക്കും? തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളം പോരാട്ടച്ചൂടിലേക്ക്

തെരഞ്ഞെടുപ്പ് തീയതി ആയതോടെ കൂറും കൂടും മാറുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തദ്ദേശപ്പോരിന് തീയതി പ്രഖ്യാപിച്ചതോടെ പോരാട്ടച്ചൂടിലാണ് രാഷ്ട്രീയ കേരളം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെയുള്ള സെമിപോരാട്ടമായാണ് മുന്നണികൾ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. രണ്ടും കൽപ്പിച്ചാണ് മുന്നണികൾ കച്ചമുറുക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി ആയതോടെ കൂറും കൂടും മാറുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. തദ്ദേശം ആരെ തുണയ്ക്കും ? കേരളത്തിൻ്റെ രാഷ്ട്രീയ മനസെന്ത് ?

2019ൽ എൽഡിഎഫിനെ കടപുഴക്കിയ ലോക്സഭാ തെരഞ്ഞെടുപ്പ്. മാസങ്ങൾക്ക് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വിശീയടിച്ചത് ഇടത് ചുഴലിക്കാറ്റ്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപ്പറേഷനുകളിലും ഇടത് തേരോട്ടമായിരുന്നു. ട്രെൻഡ് നിലനിർത്തിയ എൽഡിഎഫ് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തുടർ ഭരണത്തിലേറി. ചരിത്രം ആവർത്തിക്കാനാണ് ഇടത് മുന്നണി തന്ത്രമൊരുക്കുന്നത്. ക്ഷേമപദ്ധതികൾ ഗുണം ചെയ്യുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് ഏറെക്കുറെ തീരുമാനിച്ചെങ്കിലും പലയിടത്തും പ്രഖ്യാപനം വൈകുന്നതാണ് ഇടതിൻ്റെ ന്യൂനത. കനഗോലുവിൻ്റെ തന്ത്രങ്ങളുടെ കരുത്തിൽ ഇടത് കോട്ടകൾ ഇക്കുറി വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് അടക്കം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഒരുപടി മുന്നിലെത്തി. കെ.എസ്. ശബരിനാഥൻ അടക്കമുള്ള പ്രബലരെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ നിസാരമായി കാണുന്നില്ലെന്ന സന്ദേശവും നൽകി.

കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി, തൃശൂർ കോർപ്പറേഷനുകൾ തിരിച്ചുപിടിക്കാനാണ് യുഡിഎഫിൻ്റെ ശ്രമം. നിയമസഭയിലേക്ക് അഞ്ചിലേറെ എംഎൽഎമാരെ എത്തിക്കാൻ ലക്ഷ്യമിടുന്ന ബിജെപി പ്രമുഖരെ തന്നെ കളത്തിലിറക്കി സെമി പോരാട്ടം കടുപ്പിക്കും. തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ പൂർത്തിയാകും. ഇനി ഒരുമാസക്കാലം പൊടിപാറുന്ന പ്രചരണ പെരുമഴയ്ക്കാകും രാഷ്ട്രീയകേരളം സാക്ഷിയാവുക.

SCROLL FOR NEXT