Local Body Poll

"അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല"; തെരഞ്ഞെടുപ്പ് കാലത്തെ വാഗ്‌ദാനങ്ങൾ കേട്ട് മടുത്ത് കാക്കത്തുരുത്ത് നിവാസികൾ

ചാലിയാർ പുഴയുടെ രണ്ടു തുരുത്തുകളിലായി ഒറ്റപ്പെട്ടുപോയ ഈ കുടുംബങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ദുരിതത്തിലാണ്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ കേട്ട് മടുത്ത വോട്ടർമാരിൽ ഉൾപ്പെടുന്നവരാണ് കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ കാക്കത്തുരുത്ത്-പട്ടർമാട് സ്വദേശികൾ. ചാലിയാർ പുഴയുടെ രണ്ടു തുരുത്തുകളിലായി ഒറ്റപ്പെട്ടുപോയ ഈ കുടുംബങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ദുരിതത്തിലാണ്.

കാക്കതുരുത്തും പട്ടർമാടും ചാലിയാർപുഴയിലെ രണ്ടു തുരുത്തുകളാണ്. രണ്ടു തുരുത്തുകളിലുമായി 12 ഓളം കുടുംബങ്ങൾ താമസിക്കുന്നു. ഈ തുരുത്തുകളിലേക്ക് എത്താൻ തോണികളല്ലാതെ മറ്റ് മാർഗമില്ല. ഒരു പാലം ഇന്നും ഇവർക്ക് സ്വപ്നം മാത്രമാണ്. കുട്ടികൾ പോലും പേമാരി തകർത്തുപെയ്യുന്ന കാലത്ത് കടത്ത് തോണിയെയാണ് ആശ്രയിക്കുന്നത്.

50 ഏക്കറിലധികം വരുന്നതാണ് ചാലിയാറിലെ ഈ രണ്ട് തുരുത്തുകൾ. വേലിയേറ്റ സമയത്ത് കുടിവെള്ള സ്രോതസുകളിലെല്ലാം ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകും. ആറ് വീട്ടുകാർക്ക് ആകെയുള്ളത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഒരു കണക്ഷൻ മാത്രമാണ് ഉള്ളത്.

തുരുത്തുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കണം. അല്ലാത്തപക്ഷം കുടുംബങ്ങളെ മറ്റൊരിടത്തേക്ക് പുനരുധിവസിപ്പിക്കണം. ഈ തെരഞ്ഞെടുപ്പ് കാലത്തും വോട്ടഭ്യർഥിച്ച് എത്തുന്നവരോട് തുരുത്ത് നിവാസികൾക്ക് പറയാനുള്ളത് ഇത്രമാത്രമാണ്.

SCROLL FOR NEXT