Local Body Poll

കാസർഗോഡ് ആർക്കൊപ്പമായിരുന്നു ? തെരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ...

നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും പഞ്ചായത്തുകളിൽ അവ അത്ര പ്രകടമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കാസഗോഡ്: ദീർഘകാലമായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും പഞ്ചായത്തുകളിൽ അവ അത്ര പ്രകടമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാസർഗോഡ് ജില്ലയിൽ നിലവിൽ അഞ്ചു ഗ്രാമപഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം ഉള്ളത്. ബള്ളൂർ, കറഡ്ക്ക, മധൂർ, മീഞ്ച, പൈവളിഗ എന്നിവയാണ് ആ പഞ്ചായത്തുകൾ.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേയും കാസർഗോഡ് മണ്ഡലത്തിലേയും വോട്ടുനില വച്ച് ഇതിലേറെ പഞ്ചായത്തുകളിൽ ഭരണത്തിൽ എത്തേണ്ടതാണ്. എന്നാൽ ഈ അഞ്ചു പഞ്ചായത്തുകളിൽ മാത്രമാണ് നിലവിൽ ഭൂരിപക്ഷമോ, അല്ലെങ്കിൽ ഭരിക്കാനുള്ള വാർഡുകളോ നേടാൻ കഴിഞ്ഞിട്ടുള്ളത്.

ബള്ളൂർ പഞ്ചായത്തിൽ 2020ൽ എട്ട് വാർഡുകളാണ് എൻഡിഎയ്ക്കു കിട്ടിയത്. മൂന്നെണ്ണം എൽഡിഎഫിന്, രണ്ട് എണ്ണം സ്വതന്ത്രരും ജയിച്ചു.യുഡിഎഫിന് ഒന്നും കിട്ടിയില്ല. 2015ലും എട്ട് വാർഡുകളിൽ തന്നെയാണ് ബിജെപി ജയിച്ചത്. അന്ന് എൽഡിഎഫിന് നാലു സീറ്റുകൾ മാത്രമായിരുന്നു. മധൂർ പഞ്ചായത്തിലാണ് എൻഡിഎയ്ക്ക് വ്യക്തമായ മേൽക്കൈ ഉള്ളത്. 13 എണ്ണം എൻഡിഎയ്ക്ക്, എൽഡിഎഫിന് 2, യുഡിഎഫിന് 3, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില.

2015ൽ നിന്ന് പിന്നാക്കം പോവുകയാണ് എൻഡിഎ ചെയ്തത്. 2015ൽ എൻഡിഎയ്ക്ക് ഇവിടെ 16 വാർഡുകൾ കിട്ടിയിരുന്നു. യുഡിഎഫിന് നാലും എൽഡിഎഫിന് ഒന്നും കിട്ടിയിരുന്നില്ല. 2020 ആയപ്പോഴേക്കും എൽഡിഎഫ് രണ്ടു വാർഡുകൾ നേടുന്ന നിലയെത്തി. കാറഡ്ക്കയിൽ 2020ൽ എൻഡിഎ ആറ്, എൽഡിഎഫ് 4, യുഡിഎഫ് 3, സ്വതന്ത്രർ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഇവിടെ 2015ൽ എൻഡിഎയ്ക്ക് എഴു വാർഡുകൾ ഉണ്ടായിരുന്നു. കയ്യിലിരുന്ന ഒരു വാർഡ് നഷ്ടപ്പെടുകയും ചെയ്തു. യുഡിഎഫിന് മൂന്നും എൽഡിഎഫിന് അഞ്ചും വാർഡുകൾ ലഭിക്കുകയും ചെയ്തു. 2020ൽ മീഞ്ചയിൽ എൻഡിഎ 6, യുഡിഎഫ് 3, എൽഡിഎഫ് 4, മറ്റുള്ളവർ 2 എന്നിങ്ങനെയായിരുന്നു കക്ഷി നില. മീഞ്ചയിൽ 2015ൽ യുഡിഎഫിനായിരുന്നു മേൽക്കൈ. യുഡിഎഫിന് ഏഴും എൻഡിഎയ്ക്ക് അഞ്ചും എൽഡിഎഫിന് മൂന്നും ആയിരുന്നു വാർഡുകൾ നേടിയത്. യുഡിഎഫിന്‍റെ കയ്യിലിരുന്ന പഞ്ചായത്ത് എൻഡിഎ കൊണ്ടുപോകുകയും ചെയ്തു.

2020ൽ പൈവളിഗയിൽ എൻഡിഎ 8, എൽഡിഎഫ് 7, യുഡിഎഫ് 3, മറ്റുള്ളവർ 1 എന്നിങ്ങനെയായിരുന്നു. 2015ലും പൈവളിഗയിൽ എൻഡിഎയ്ക്ക് എട്ടുവാർഡുകളിൽ തന്നെയാണ് ജയിക്കാൻ കഴിഞ്ഞത്. എൽഡിഎഫിന് അന്നും ഏഴു വാർഡുകൾ കിട്ടിയിരുന്നു. കാറഡ്കയിൽ 2010ൽ തന്നെ ബിജെപിക്ക് 7 വാർഡുകൾ ഉണ്ടായിരുന്നു. എൽഡിഎഫിന് നാല്, യുഡിഎഫിന് മൂന്ന്, മറ്റുള്ളവർ 5 എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷിനില. മധൂറിൽ 2010ൽ ഇരുപതിൽ 15ഉം ബിജെപിക്ക് ആയിരുന്നു. അഞ്ചിടത്ത് യുഡിഎഫും. മധൂറും കാറഡ്ക്കയും 2010 മുതൽ ജയിക്കുന്നതാണെങ്കിലും ഇവിടെയൊക്കെ ലഭിച്ചിരുന്ന സീറ്റുകളിൽ പിന്നീട് ബിജെപിക്ക് വലിയ വർധന ഉണ്ടായിട്ടില്ല. കാറഡ്കയിലൊക്കെ വോട്ട് കുറയുന്ന നിലയാണ് ഉണ്ടായത്.

SCROLL FOR NEXT