പഞ്ചായത്ത് കണ്ട് പാര്‍ലമെന്റിലേക്കിറങ്ങരുത് എന്നൊരു ചൊല്ലുണ്ട്. 1991ല്‍ കേരളത്തില്‍ ഉദയംകൊണ്ടതാണ് ആ പ്രയോഗം. 1990ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് വേദി. ഇ.കെ. നായനാര്‍ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഏറെക്കുറെ ജില്ലാ കൗണ്‍സിലുകളെല്ലാം ഇടതുമുന്നണിയുടെ അപ്രമാദിത്തം. അന്ന് ജില്ലാ പഞ്ചായത്തുകള്‍ ആയിരുന്നില്ല. ജില്ലാ കൗണ്‍സിലുകള്‍ ആയിരുന്നു. പഞ്ചായത്തുകളിലും ബഹുഭൂരിപക്ഷവും എല്‍ഡിഎഫിന്. നഗരസഭകളില്‍ യുഡിഎഫിന് മേല്‍ക്കൈ പതിവാണെങ്കിലും അത്തവണ അതും എല്‍ഡിഎഫ് നേടി. കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ്.
കേരളമെങ്ങും ഒരു എല്‍ഡിഎഫ് തരംഗമായിരുന്നു. സമ്പൂര്‍ണ സാക്ഷരതാ യജ്ഞമൊക്കെ നടപ്പാക്കി കേരളം കുതിക്കുന്ന കാലമാണ്. ആ നല്ല പ്രതിച്ഛായ മുതലാക്കാന്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1992ല്‍ മാത്രം നടക്കേണ്ടതാണ് കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. അത് 1991ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒപ്പം നടത്താനായിരുന്നു തീരുമാനം. പിന്നെയുണ്ടായതാണ് ചരിത്രം.
കേരളത്തില്‍ പോളിങ് നടക്കേണ്ടതിന് തലേന്ന് 1991 മേയ് 21. അതുവരെ എല്‍ഡിഎഫിന് അനുകൂലമായ വികാരമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അന്ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്ഥിതിയാകെ മാറി. രാജീവ് തരംഗത്തില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. പി വി നരസിംഹറാവു പ്രധാനമന്ത്രിയായി. കേരളത്തില്‍ കെ കരുണാകരനും അധികാരത്തിലെത്തി.
പാര്‍ലമെന്റിലേക്ക് ഇരുപതില്‍ പതിനാറു സീറ്റും യുഡിഎഫ് ജയിച്ചു. എല്‍ഡിഎഫിന് കിട്ടിയത് നാലു സീറ്റ് മാത്രം. അന്ന് കാസര്‍ഗോഡും വടകരയും ആലപ്പുഴയും ചിറയിന്‍കീഴും മാത്രമാണ് എല്‍ഡിഎഫ് ജയിച്ചത്. കാസര്‍ഗോഡ് രാമണ്ണറായിയും വടകര കെ പി ഉണ്ണികൃഷ്ണനും ആലപ്പുഴയില്‍ ടി ജെ ആഞ്ചലോസും ചിറയീന്‍കീഴില്‍ സുശീല ഗോപാലനും. നിയമസഭയിലേക്ക് വലിയ വിജയം പ്രതീക്ഷിച്ചിരുന്ന എല്‍ഡിഎഫ് 48 സീറ്റില്‍ ഒതുങ്ങി. 90 സീറ്റും യുഡിഎഫ് നേടി. പഞ്ചായത്ത് ഫലം അനുസരിച്ചായിരുന്നെങ്കില്‍ 140ല്‍ 100 സീറ്റും എല്‍ഡിഎഫ് ജയിക്കേണ്ടതായിരുന്നു. അങ്ങനെയാണ് പഞ്ചായത്ത് കണ്ട് പാര്‍ലമെന്റിലേക്ക് ഇറങ്ങരുത് എന്ന പ്രയോഗം തന്നെ ഉണ്ടായത്.