എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപിഐ വിട്ടു. ഡെപ്യൂട്ടി മേയർ കെ. എ. അൻസിയയായണ് സിപിഐ വിട്ടത്. പാർട്ടി തന്ന അവസരത്തിൽ നന്നായി പ്രവർത്തിച്ചു എന്നും, 5 വർഷം മേയറിനൊപ്പം നിന്ന് പ്രവർത്തിച്ചു.
മട്ടാഞ്ചേരിയിലേക്ക് വാട്ടർ മെട്രോ കൊണ്ടുവരാൻ സാധിച്ചെന്നും അൻസിയ പറഞ്ഞു. മട്ടാഞ്ചേരി ഡിവിഷൻ ലീഗ് ജയിച്ച സീറ്റ് ആയിരുന്നു. താൻ സ്ഥാനാർഥി ആയ ശേഷം സിപിഐ ക്ക് അവിടെ ജയിക്കാൻ സാധിച്ചുവെന്നും അൻസിയ പറഞ്ഞു.
വാർഡ് വിഭജനത്തിന് ശേഷം ആറാം ഡിവിഷൻ ആണ് സിപിഐ ക്ക് ലഭിച്ചത്. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ല. അതുകൊണ്ടാണ് രണ്ടുപേരുടെ പേര് നിർദേശിച്ചത്. എന്നാൽ അവരെ പരിഗണിക്കാതെ ആരും പിന്തുണയ്ക്കാത്ത ഒരാളെ സ്ഥാനാർഥിയായി പരിഗണിച്ചു. മഹിള സംഘത്തിൽ പ്രവർത്തിക്കാത്ത ആളെ ആണ് നിർദേശിച്ചത്.
കൂടിയാലോചന ഇല്ലാതെ നടത്തിയ സ്ഥാനർഥി പ്രഖ്യാപനത്തെ തുടർന്ന് താൻ സിപിഐയിൽ നിന്നും രാജി വയ്ക്കുകയാണ് എന്ന് കെ. എ. അൻസിയ അറിയിച്ചു. വ്യക്തികളിലോട്ട് പ്രസ്ഥാനം ചുരുങ്ങി പോകുന്നു എന്നും മുന്നണി മാറ്റം ചിന്തിച്ചിട്ടില്ലെന്നും അൻസിയ പറഞ്ഞു. രാജി ജില്ലാ നേതൃത്വത്തെ അറിയിട്ടുണ്ടെന്നും അൻസിയ കൂട്ടിച്ചേർത്തു.