Local Body Poll

ത്രികോണ മത്സരം... ഫലം പ്രവചനാതീതം... തിരുവനന്തപുരം കോർപ്പറേഷനിലെ വിഐപി മണ്ഡലമായി കവടിയാർ

ഇത്തവണ കവടിയാർ ശ്രദ്ധാകേന്ദ്രമായത് യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ മത്സരിക്കാൻ ഇറങ്ങിയതോടെയാണ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപ്പറേഷനിലെ വിഐപി മണ്ഡലമാണ് കവടിയാർ. കടുത്ത മത്സരം നടക്കുന്ന വാർഡ് ആണ് കവടിയാർ എന്നും പറയാം. യുഡിഎഫിനു വേണ്ടി കെ.എസ്. ശബരിനാഥനും, എൽഡിഎഫിന് വേണ്ടി എ. സുനിൽകുമാറും, എൻഡിഎയ്ക്ക് വേണ്ടി എസ്. മധുസൂദനൻ നായരും മത്സരിക്കുന്ന കവടിയാറിൽ ഫലം പ്രവചനാതീതമാണ്.

ഇത്തവണ കവടിയാർ കൂടുതൽ ശ്രദ്ധാകേന്ദ്രമായത് യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ മത്സരിക്കാൻ ഇറങ്ങിയതോടെയാണ്. കഴിഞ്ഞതവണ നൂറിൽ 10 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചതെങ്കിലും തങ്ങളുടെ മേയർ സ്ഥാനാർഥിയാണ് ശബരീനാഥൻ എന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. കഴിഞ്ഞതവണ വനിതാ സംവരണ വാർഡ് ആയിരുന്ന കവടിയാറിൽ കോൺഗ്രസ് സ്ഥാനാർഥി കേവലം ഒരു വോട്ടിനാണ് വിജയിച്ചത്. ബിജെപി ആയിരുന്നു രണ്ടാം സ്ഥാനത്ത്.

കവടിയാറിൽ കോൺഗ്രസ് അല്ലെങ്കിൽ ബിജെപി എന്ന് കണക്കുകൂട്ടാൻ വരട്ടെ. എൽഡിഎഫിനു വേണ്ടി മത്സര രംഗത്ത് ഉള്ളത് കവടിയാർ വാർഡിലെ മുൻ കൗൺസിലർ കൂടിയായ സിപിഐഎം നേതാവ് എ. സുനിൽകുമാർ ആണ്. കവടിയാറിൽ ജനിച്ചുവളർന്ന സുനിൽകുമാറിന് ബന്ധങ്ങളും സൗഹൃദങ്ങളും കരുത്ത് ആകുമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നത്. 2005ലെ വിജയം ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് സുനിൽ കുമാറും എൽഡിഎഫും.

കേബിൾ ടിവി ഏജൻസി നടത്തുന്നതിനാൽ മാസംതോറും മിക്ക വീടുകളിലും സന്ദർശിച്ചുള്ള പരിചയം വോട്ടുകളായി മാറുമെന്നും സുനിൽകുമാർ കണക്കുകൂട്ടുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ പാങ്ങോട്, ശാസ്തമംഗലം എന്നീ വാർഡുകൾ പിടിച്ചെടുത്ത എസ്. മധുസൂദനൻ നായരെയാണ് കവടിയാറിൽ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കട്ടയ്ക്ക് ത്രികോണ മത്സരം നടക്കുന്ന കവടിയാറിൽ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് മൂന്നു മുന്നണികളും.

SCROLL FOR NEXT