വി.എം. വിനു 
Local Body Poll

കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല; വോട്ട് ചോരിയെന്ന് ഡിസിസി പ്രസിഡൻ്റ്

45 വർഷത്തോളമായി വോട്ട് ചെയ്യുന്നുണ്ടെന്നും, തനിക്ക് വോട്ട് നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നുമാണ് വി.എം. വിനുവിൻ്റെ ചോദ്യം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോർപ്പറേഷനിൽ കോൺഗ്രസിന് തിരിച്ചടി. സ്ഥാനാർഥി വി.എം. വിനുവിന്റെ പേര് പുതിയ വോട്ടർ പട്ടികയിൽ ഇല്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കല്ലായി ഡിവിഷനിൽ വി.എം. വിനു പ്രചാരണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന് വ്യക്തമാവുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വി.എം. വിനു പറഞ്ഞു.

പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോൺഗ്രസ് സ്ഥാനാർഥിയായ വി.എം. വിനുവിൻ്റെ പേരില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ 45 വർഷത്തോളമായി വോട്ട് ചെയ്യുന്നുണ്ടെന്നും, തനിക്ക് വോട്ട് നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നുമാണ് വി.എം. വിനുവിൻ്റെ ചോദ്യം.

"ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസ്‌ സ്ഥാനാർഥി ആയതുകൊണ്ട് എന്റെ വോട്ട് നിഷേധിക്കപ്പെട്ടു. ഇവിടെ കോടതിയും നിയമവുമുണ്ട്. പൗരന്റെ അവകാശം കോടതി സംരക്ഷിക്കും. നാളെ മുതൽ കോർപ്പറേഷനിലെ എല്ലാ വാർഡിലും പ്രചാരണത്തിന് ഇറങ്ങും," വി.എം. വിനു മാധ്യമങ്ങോട് പറഞ്ഞു.

നടന്നത് വലിയ വോട്ട് ചോരിയാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നുമാണ് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാറിൻ്റെ ആരോപണം. "അസാധാരണമായ സംഭവമാണ് നടന്നത്. വി.എം. വിനു ജനിച്ചതും വളർന്നതും ഈ നാട്ടിലാണ്. എന്നിട്ടും അദ്ദേഹത്തിൻ്റെയും ഭാര്യയുടേയും പേര് വോട്ടർപട്ടികയിലില്ല. 18 വർഷമായി ഒരേ വീട്ടിൽ താമസിക്കുന്ന ആൾക്കാണ് വോട്ട് ഇല്ലാത്തത്. നടന്നത് പ്രതിഷേധാർഹമാണ്," പ്രവീൺ കുമാർ പറഞ്ഞു.

SCROLL FOR NEXT