തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ വി.എസ്. സുജിത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മത്സരിക്കുക.
2023 ഏപ്രിലിലാണ് കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്‌ഐ നുഹ്‌മാന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികള്‍ പുറത്ത് എത്തിക്കാന്‍ സുജിത്തിന് കഴിഞ്ഞത്.
വലിയ വാര്‍ത്തയായിരുന്ന സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐ നൂഹ്‌മാന്‍, മണ്ണൂത്തി സിപിഒ സന്ദീപ് എസ്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ ശശിധരന്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ സജീവന്‍ കെ.ജെ. എന്നിവര്‍ക്കെതിരെയായിരുന്നു നടപടി.
തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് സുജിത് പറഞ്ഞു. ആദ്യമായാണ് സുജിത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐഎമ്മിന്റെ കുത്തക മണ്ഡലമായ ചൊവ്വന്നൂരില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുജിത്.