Local Body Poll

"വോട്ടിന് കുപ്പി"; വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫും ബിജെപിയും മദ്യം വിതരണം ചെയ്തതായി പരാതി

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്‌തെന്ന ആക്ഷേപം വന്നത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫും ബിജെപിയും മദ്യം വിതരണം ചെയ്തതായി പരാതി. തോൽപ്പെട്ടി നെടുന്തന ഉന്നതിയിൽ സിപിഐഎം പ്രവർത്തകർക്കെതിരെ ആണ് ആരോപണം വന്നിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ ഉള്ളവർ അർധരാത്രി ഉന്നതിയിൽ എത്തിയെന്ന് ആക്ഷേപം.അതേസമയം, പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിൽ ബിജെപി മദ്യ വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

തോൽപ്പെട്ടി നെടുന്തന ഉന്നതിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സിപിഐഎമ്മിന് സ്വാധീനമുള്ള നെടുന്തന ഉന്നതിയിൽ സിപിഐഎം പ്രവർത്തകർ മദ്യം എത്തിച്ചുവെന്നാണ് യുഡിഎഫ്- ലീഗ് നേതാക്കൾ ആരോപിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ ഉള്ളവർ അർധരാത്രി ഉന്നതിയിൽ എത്തിയെന്നും പരാതിയിൽ പറയുന്നു. പ്രദേശത്ത് രാത്രി നേരിയ സംഘർഷം ഉണ്ടായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പിന്നീട് വിട്ടയച്ചതായും നേതാക്കൾ ആരോപിക്കുന്നു. എന്നാൽ യുഡിഎഫ് ആരോപണം തള്ളി തിരുനെല്ലി നെടുന്തന ഉന്നതി നിവാസികളും രംഗത്ത് വന്നു.

സിപിഐഎമ്മിന് പുറമെയാണ് ബിജെപിക്കെതിരെയും പരാതി ഉയർന്നത്. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിൽ ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യ വിതരണം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യം നൽകി വോട്ട് തേടാനാണ് ബിജെപിയുടെ ശ്രമമെന്നും സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു

അതേസമയം, ബിജെപി നേതൃത്വം ആരോപണം നിഷേധിച്ചു. ബിജെപിക്ക് എതിരെ കുപ്രചരണം നടക്കുകയാണെന്ന് വാർഡ് പ്രസിഡൻ്റ് ജോണി കാരിക്കാട്ടുകുഴി പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്‌തെന്ന ആരോപണം വന്നത്.

SCROLL FOR NEXT