Local Body Poll

വികസന മുരടിപ്പ് ആയുധമാക്കാന്‍ എല്‍ഡിഎഫ്; തുടര്‍ ഭരണം ലക്ഷ്യമിട്ട് യുഡിഎഫ്; സംഭവബഹുലം മുളവുകാട് പഞ്ചായത്ത്

കഴിഞ്ഞ തവണ യുഡിഎഫ് വൈസ് പ്രസിഡന്റായിരുന്ന റോസ് മാര്‍ട്ടിന്‍ ഇത്തവണ എല്‍ഡിഎഫ് ടിക്കറ്റിലാണ് മത്സരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Author : ന്യൂസ് ഡെസ്ക്

സംഭവ ബഹുലമായ അഞ്ച് വര്‍ഷമാണ് എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്തില്‍ കടന്ന് പോയത്. തുടര്‍ ഭരണം ലക്ഷ്യമിട്ടാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അഴിമതി ആരോപണങ്ങളും ഭരണ വീഴ്ചകളും ആയുധമാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശക്തി തെളിയിക്കാന്‍ എന്‍ഡിഎയും സജീവമായി രംഗത്തുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് മുളവുകാട് പഞ്ചായത്തില്‍ പ്രതീക്ഷിക്കുന്നത്. യുഡിഎഫ് കോട്ടയായി വിലയിരുത്തപ്പെടുന്ന മുളവുകാട് ഇടയ്ക്ക് എല്‍ഡിഎഫിനെയും അധികാരത്തില്‍ എത്തിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ഇക്കുറി ആര് ഭരണം പിടിക്കുമെന്നാണ് കാത്തിരുപ്പ്.

കഴിഞ്ഞ തവണ 16 വാര്‍ഡുകളില്‍ 12ലും വിജയിച്ചാണ് യൂഡിഎഫ് അധികാരത്തിലെത്തിയത്. രണ്ട് വാര്‍ഡുകളില്‍ സിപിഐഎമ്മും ഒരോന്നില്‍ വീതം ബിജെപിയും വിജയിച്ചു. പഞ്ചായത്തിലെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി ഭരണതുടര്‍ച്ചയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

വികസന മുരടിപ്പുകള്‍ ആയുധമാക്കി ഭരണം തിരിച്ചു പിടിക്കാനാണ് എല്‍ഡിഎഫ് നീക്കം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്ന് പോലും പാലിക്കാത്ത യുഡിഎഫ് ഭരണമാണ് പഞ്ചായത്തില്‍ കടന്നുപോയതെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ യുഡിഎഫ് വൈസ് പ്രസിഡന്റായിരുന്ന റോസ് മാര്‍ട്ടിന്‍ ഇത്തവണ എല്‍ഡിഎഫ് ടിക്കറ്റിലാണ് മത്സരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചൂട് പിടിച്ച തെരഞ്ഞടുപ്പ് പ്രചരണവുമായി മുന്നണികളെല്ലാം മത്സര രംഗത്ത് സജീവം.

SCROLL FOR NEXT