Source: News Malayalam 24X7
Local Body Poll

കൊടുവള്ളി നഗരസഭ പിടിക്കാൻ എൽഡിഎഫിന്റെ ഗ്ലാസ് തന്ത്രം; ആത്മവിശ്വാസക്കുറവെന്ന് യുഡിഎഫ്

ഗ്ലാസ് ചിഹ്നത്തിൽ മത്സരിക്കുന്ന പല സിപിഐഎം നേതാക്കളും ഇതിനിടയ്ക്ക് പാർട്ടിയും മാറിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: യുഡിഎഫിന് സ്വാധീനമുള്ള കോഴിക്കോട് കൊടുവള്ളി നഗരസഭ പിടിക്കാൻ എൽഡിഎഫിന്റെ ഗ്ലാസ് തന്ത്രം. കുന്ദമംഗലം എംഎൽഎയായ പിടിഎ റഹീമിന്റെ പാർട്ടിയായ നാഷണൽ സെക്കുലർ കോൺഫറൻസിന്റെ ചിഹ്നമായ ഗ്ലാസാണ് ഭൂരിഭാഗം സിപിഐം സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചിഹ്നമായി സ്വീകരിച്ചത്. ഇത് തന്ത്രമല്ല, ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസക്കുറവാണെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് അവരെന്നും സ്വതന്ത്രരെ യുഡിഎഫും പരീക്ഷിച്ചിട്ടുണ്ടെന്നും എൽഡിഎഫും പ്രതികരിക്കുന്നു.

യുഡിഎഫ് കോട്ടയായ കൊടുവള്ളി പിടിക്കാനുള്ള എൽഡിഎഫ് തന്ത്രമാണ് ഈ ബോർഡുകളിൽ കാണുന്നത്. 37 വാർഡുള്ള നഗരസഭയിൽ 28 വാർഡുകളിലും എൽഡിഎഫ് ചിഹ്നം ഗ്ലാസാണ്. പി.ടി.എ. റഹീം എംഎൽഎ രൂപവത്കരിച്ച രാഷ്ട്രീയപ്പാർട്ടിയായ നാഷണൽ സെക്കുലർ കോൺഫറൻസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ഗ്ലാസ്. ഈ ചിഹ്നത്തിലാണ് സിപിഐഎം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവും, മഹിളാ അസോസിയേഷൻ നേതാവുമായ കളത്തിങ്ങൽ ജമീലയടക്കമുള്ള നേതാക്കളൊക്കെ മത്സരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തിൽ മത്സരിക്കുന്ന പല സിപിഐഎം നേതാക്കളും ഇതിനിടയ്ക്ക് പാർട്ടിയും മാറിയിട്ടുണ്ട്.

ഈ തന്ത്രമൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. കൊടുവള്ളിയിൽ സിപിഎമ്മിന് വംശനാശം സംഭവിക്കുകയാണെന്നും ലീഗ് പരിഹസിക്കുന്നു. ഉരുക്ക് കോട്ടയായിട്ടും ലീഗ് അഞ്ചു സ്വതന്ത്രരെ കൊടുവള്ളിയിൽ മത്സരിപ്പിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധം. ജീപ്പ്, കാരറ്റ് തുടങ്ങിയവയാണ് യുഡിഎഫ് സ്വതന്ത്രരുടെ ചിഹ്നം.അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ചാൽ കൊടുവള്ളിയിൽ വോട്ട് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സിപിഎം ​ഗ്ലാസിലേക്ക് കൂടുമാറിയത് എന്നാണ് ലീ​ഗിന്റെ പരിഹാസം.

SCROLL FOR NEXT