തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാനിഫെസ്റ്റോ പുറത്തിറക്കി ഇടതുമുന്നണി. ജനപ്രിയ വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്നതാണ് മാനിഫെസ്റ്റോ. നാടിൻ്റെ സാമ്പത്തിക വികസനവും ക്ഷേമവും ഉറപ്പ് നൽകുന്നതാണ് പ്രകടന പത്രിക.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വീട് നിർമിച്ച് നൽകുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതിന് പുറമേ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50% ആക്കുന്നത് ലക്ഷ്യമിട്ട് 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ചുവർഷംകൊണ്ട് തൊഴിൽ നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. ഇതിലൂടെ ഒരു സ്ത്രീക്ക് ശരാശരി 10,000 രൂപ പ്രതിമാസ വരുമാനം കണക്ക് കൂട്ടിയാൽ പോലും 24000 കോടി രൂപ ഇതുവഴി സാധാരണക്കാരുടെ വീടുകളിൽ അധിക വരുമാനമായി എത്തിക്കാനാകുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.
കൊച്ചി കോർപ്പറേഷൻ ആരംഭിച്ച സമൃദ്ധി മാതൃകയിൽ സംസ്ഥാനത്തുടനീളം ജനകീയ ഭക്ഷണശാലകൾ സ്ഥാപിക്കുകയാണ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം. കൂടാതെ പൊതു അടുക്കളകൾ പ്രോത്സാപ്പിക്കുന്നതിനും ജനകീയ ഹോട്ടലുകൾ വിപുലപ്പെടുത്താനും പദ്ധതിയുള്ളതായി പ്രകടന പത്രിക വ്യക്തമാക്കുന്നു.
മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ നേടിയെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ഇതിനു പുറമേ തെരുവുനായ ശല്യം ഒഴിവാക്കാൻ ഓരോ തദ്ദേശസ്ഥാപനത്തിലും തെരുവ് നായകളെ കൂട്ടമായി പാർപ്പിക്കാൻ ആവശ്യമായ സങ്കേതങ്ങൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടുകൂടി നിർമ്മിക്കും. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ ഊന്നൽ നൽകും.വിദ്യാഭ്യാസ മേഖലയിൽ അഞ്ചുവർഷംകൊണ്ട് ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ ഒന്നാമത് എത്തിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
മദ്യത്തിൻ്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുന്നതിനുള്ള ശക്തമായ പ്രചരണവും നടപടികളും സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സ്വീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.നഗരങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കും. അടുത്ത 5 വർഷത്തെ പട്ടികവിഭാഗങ്ങളുടെ കേവല ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും. എല്ലാ പട്ടികവർഗ്ഗക്കാർക്കും വാസയോഗ്യമായ വീട് ഉറപ്പുവരുത്തുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഭിന്നശേഷിക്കാർക്കുള്ള ബഡ്സ് സ്കൂളുകളുടെ എണ്ണവും സൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്നും പ്രകടന പത്രിക ഉറപ്പു നൽകുന്നുണ്ട്.