പത്തനംതിട്ട: എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങൽ. കഴിഞ്ഞ തവണ എസ്‌ഡിപിഐ പിന്തുണയിൽ എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെയാണ് പഞ്ചായത്ത് രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒറ്റയ്ക്ക് അധികാരം നിലനിർത്താമെന്ന പ്രതീക്ഷയോടെയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് . ഭരണത്തിൽ തിരികെ എത്താമെന്ന കണക്കുകൂട്ടലിൽ യുഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം ആരംഭിച്ച് കഴിഞ്ഞു. ഇത്തവണയും നിർണായക സ്വാധീനമാകാൻ കഴിയുമെന്ന പ്രതീക്ഷയാണ് എസ്‌ഡിപിഐയ്ക്കുള്ളത്.
എൽഡിഎഫിനും ബിജെപിക്കും അഞ്ച് വീതം അംഗങ്ങളാണ് കോട്ടാങ്ങൽ പഞ്ചായത്തിൽ ഉള്ളത്. കോൺഗ്രസിന് രണ്ട് സീറ്റും എസ്‌ഡിപിഐക്ക് ഒന്നുമാണ് സീറ്റുനില. ഇടതുമുന്നണിയും ബിജെപിയും തുല്യ സീറ്റ് നേടിയതോടെ എസ്‌ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എസ്‌ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് രണ്ടുതവണ രാജിവെച്ചെങ്കിലും മൂന്നാം തവണ എൽഡിഎഫിന് പിന്തുണ സ്വീകരിക്കേണ്ടി വന്നു.
എൽഡിഎഫ് എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതാണ് മുന്നണിക്കെതിരെ യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പി് പ്രചരണ ആയുധമാക്കുന്നത്. എന്നാൽ എതിർ പ്രചരണങ്ങൾക്ക് മുമ്പിൽ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഭരണത്തുടർച്ച നേടാമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി മുന്നോട്ട് വയ്ക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ് പറഞ്ഞു.
പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. ഇത്തവണ അധികാരത്തിൽ എത്താമെന്ന പ്രതീക്ഷ ബിജെപിയ്ക്കുമുണ്ടെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ദീപ്തി ദാമോദരൻ പ്രതികരിച്ചു. പിന്തുണ ഇടതുമുന്നണിക്ക് ആണെങ്കിലും ഭരണത്തിൽ തൃപ്തരല്ലെന്ന് എസ്‌ഡിപിഐ മണ്ഡലം പ്രസിഡൻ്റ് തൗഫീഖ് പറഞ്ഞു.
രണ്ട് സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നെങ്കിലും വരുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമം ആരംഭിച്ചെന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ തേജസ് കുമ്പിളുവേലിലും പറഞ്ഞു.