അവിണിശേരി പഞ്ചായത്ത്  Source: News Malayalam 24x7
Local Body Poll

തദ്ദേശത്തർക്കം | തൃശൂരിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തായി അവിണിശേരി; തിരികെ പിടിക്കാൻ ഉറച്ച് എൽഡിഎഫും യുഡിഎഫും

രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി രാജിവെച്ചതോടെ കോടതി വ്യവഹാരത്തിലൂടെയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കേരളത്തിന്റെ തദ്ദേശ രാഷ്ട്രീയ ചരിതത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തിയ പഞ്ചായത്തുകളിലൊന്നാണ് അവിണിശേരി. രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി രാജിവെച്ചതോടെ കോടതി വ്യവഹാരത്തിലൂടെയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്. പത്ത് വർഷത്തിലേറെയായി ബിജെപി ഭരണം നടത്തുന്ന പഞ്ചായത്ത് ഇക്കുറി ഏത് വിധേനയും തിരികെ പിടിക്കാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് യുഡിഎഫും എൽഡിഎഫും.

സ്വാതന്ത്ര്യ സമരസേനാനി വി.ആർ. കൃഷ്ണൻ എഴുത്തച്ഛന്റെയും കവി മുല്ലനേഴിയുടെയും നാട്. തൃശൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത്. കാർഷിക സംസ്കൃതിയാൽ സമ്പന്നമായ നാട്.. ഈ വിശേഷണങ്ങൾക്കൊപ്പം കഴിഞ്ഞ പത്ത് വർഷമായി ബിജെപി ഭരിക്കുന്ന തൃശൂരിലെ ഏക തദ്ദേശ സ്ഥാപനം എന്നൊരു പ്രത്യേകത കൂടി അവിണിശേരിക്കുണ്ട്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ആറ്, സിപിഎം മൂന്ന്, കോൺഗ്രസ് മൂന്ന്, സിപിഐ രണ്ട് എന്ന നിലയിലായിരുന്നു കക്ഷിനില. അഞ്ചംഗങ്ങൾ ഉള്ള എൽഡി.എഫിനെ കോൺഗ്രസ് രണ്ട് തവണ പിന്തുണച്ചെങ്കിലും പിന്തുണ സ്വീകരിക്കാൻ മുന്നണി തയ്യാറായില്ല. കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ച് സ്ഥാനാമാനങ്ങൾ വേണ്ട എന്ന നിലപാട് എൽഡിഎഫ് സംസ്ഥാന നേതൃത്വം സ്വീകരിച്ചതോടെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലിയിൽ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി സമ്പാദിച്ചു. തുടർന്നാണ് രണ്ടാം വട്ടവും അവിണ്ണിശേരിയിൽ ബിജെപിക്ക് ഭരണകാര്യ നിർവ്വഹണത്തിന് അവസരം ലഭിക്കുന്നത്. രാജ്യസഭ എംപി ആയിരുന്നപ്പോൾ സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്തിൽ ഇതിനോടകം മുൻപെങ്ങും ഇല്ലാത്ത വിധം വികസനം കൊണ്ടുവരാൻ കഴിഞ്ഞെന്നാണ് ബിജെപിയുടെ അവകാശവാദം. 100 ശതമാനം പദ്ധതി പണം ചെലവഴിച്ചതിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ആറാം സ്ഥാനവും പഞ്ചായത്തിന്റെ പ്രധാന നേട്ടമായി ഭരണസമിതി ഉയർത്തിക്കാട്ടുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാത്രം വിചാരിച്ചിരുന്നെങ്കിൽ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നുവെന്നാണ് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന വിമർശനം. ജനങ്ങൾക്ക് പ്രയോജനകരമായ യാതൊരു പദ്ധതികളും നടപ്പാക്കാത്ത ബിജെപി ഭരണ സമിതി സംസ്ഥാന സർക്കാരിന്റെ വികസന ഫണ്ടുകൾപ്പോലും പാഴാക്കിയെന്നും ആരോപണമുണ്ട്.

വാർഡ് വിഭജനം പൂർത്തീകരിച്ചപ്പോൾ രണ്ട് വാർഡുകൾ കൂടെ വർധിച്ചതോടെ അവിണിശേരിയിൽ ഇത്തവണ 16 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ബിജെപി ഭരണസമിതിക്കെതിരായ കടുത്ത ജനവികാരം വോട്ടായി മാറുമെന്നും വീണ്ടും തങ്ങൾ ഭരണം പിടിക്കുമെന്നുമാണ് എൽഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നത്. അതേസമയം നടപ്പിലാക്കിയ വികസനനേട്ടങ്ങൾ മുതൽകൂട്ടാകുമെന്നും തുടർഭരണം നിശ്ചയമാണെന്നും ബിജെപിയും ഉറച്ച് വിശ്വസിക്കുന്നു.

SCROLL FOR NEXT