Source: News Malayalam 24x7
Local Body Poll

തദ്ദേശപ്പോരിൻ്റെ ആദ്യഘട്ട കൊട്ടിക്കലാശം കൊടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകൾ

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളാണ് ഡിസംബർ ഒൻപതിന് വിധിയെഴുതുന്നത്...

Author : ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി ഏഴ് ജില്ലകളിൽ കൊട്ടിക്കലാശം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളാണ് ഡിസംബർ ഒൻപതിന് വിധിയെഴുതുന്നത്. മുപ്പത്തി ആറായിരത്തിലധികം സ്ഥാനാർഥികൾ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ജനവിധി തേടും ഒന്നരക്കോടിയോളം വോട്ടർമാർ വിധിയെഴുതും. മേളവും, ഫ്ളോട്ടുകളും, നൃത്തവുമായി ജില്ലകളിലെ കലാശക്കൊട്ട് ആവേശകരമായി.

വീറും വാശിയും ചോരാതെ ഒരു മാസത്തോളം നീണ്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് പര്യവസാനം കുറിച്ചുള്ള കലാശപോരാട്ടം. ആളും അർത്ഥവും പരമാവധിയിറക്കി മുന്നണികൾ കരുത്ത് തെളിയിച്ചു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് കലാശക്കൊട്ട് മത്സരാവേശത്തിന്റെ നേർക്കാഴ്ചയായി. മേളവും നൃത്തവും സ്ഥാനാർഥിയുടെ ചിത്രമുള്ള ടി ഷർട്ടുകളും ബലൂണുകളും അങ്ങനെ കഴിയാവുന്ന പ്രചാരണ സാമഗ്രികൾ എല്ലാം അണിനിരത്തി എൽഡിഎഫും യുഡിഎഫും. എൻഡിഎ ഒരുപടി കൂടി കടന്ന് സ്ഥാനാർഥികളെ ക്രെയിനിൽ ഉയർത്തി, ആവേശം വാനോളം.

എറണാകുളം ജില്ലയിൽ ഇക്കുറി ജീവന്മരണ പോരാട്ടമാണ്. കോർപറേഷൻ ഭരണം നിലനിർത്താൻ എൽഡിഎഫും തിരിച്ചു പിടിക്കാൻ യുഡിഎഫും കടുത്ത പോരാട്ടത്തിലാണ്. ഇക്കുറി നില മെച്ചപ്പെടുത്താൻ ബിജെപിയും കളത്തിലുണ്ട്. ആർത്തിരമ്പിയ കലാശക്കൊട്ടിലും വിട്ടു കൊടുക്കാതെ മുന്നണികൾ. തൃക്കാക്കരയും, കളമശേരിയും ഉൾപ്പെടെ ഇത്തവണ തീപാറും പോരാട്ടം. ആ ആവേശം ഒട്ടും ചോരാതെ മുന്നണികളുടെ റോഡ് ഷോയും, ശക്തി പ്രകടനങ്ങളും. കൈ മെയ് മറന്ന് പ്രവർത്തകർ അവസാന നിമിഷ പ്രചാരണത്തിൽ അണിനിരന്നു.

കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും വിവിധയിടങ്ങളിൽ ചെറു സംഘങ്ങളായി കൊട്ടിക്കലാശം. പത്തനംതിട്ടയിൽ അവസാന നിമിഷത്തിൽ പരമാവധി വീട് കയറി പ്രചാരണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ തെരുവുകളിൽ മറ്റൊരു പോരാട്ടത്തിന്റെ ആവേശം ഓളം തല്ലി. മുന്നണികൾ കൊട്ടിക്കയറി. ഒരിഞ്ച് വിട്ടുകൊടുക്കാൻ മനസില്ലെന്ന് പ്രഖ്യാപിച്ച് മുദ്രാവാക്യവുമായി കുട്ടികളും രക്ഷിതാക്കൾക്കൊപ്പം അണിചേർന്നു.

കോട്ടയത്ത് നാടിനെയാകെ ഇളക്കിമറിച്ച് പ്രചാരണത്തിന്റെ അവസാന മണിക്കൂർ കളറായി. പുതുപ്പള്ളി പഞ്ചയത്തിൽ ഉൾപ്പെടെ ഇക്കുറി ഇടത് വലത് മുന്നണികളുടെ അഭിമാന പോരാട്ടമാണ് നടക്കുന്നത്. ഇടുക്കിയിൽ കട്ടപ്പനയിലും മൂന്നാറിലും നെടുങ്കണ്ടം ടൗണിലും ഇടത് വലത് എൻഡിഎ മുന്നണികളുടെ ശക്തിപ്രകടനങ്ങൾ നടന്നു. ചെറുസംഘങ്ങൾ ഒഴുകിയെത്തി ജനസാഗരമായി കൊട്ടിക്കലാശം. പ്രായഭേദമന്യേ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കി ജനം.

രണ്ടു ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 36,630 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 1.32 കോടി വോട്ടർമാർ ആദ്യഘട്ടത്തിൽ വോട്ട് ചെയ്യും. ഡിസംബർ ഒൻപതിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ ഒൻപത് മണിമുതൽ ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ പോരാട്ടം മുന്നണികൾക്കുള്ള ടെസ്റ്റ് ഡോസ് കൂടിയാണ്. ഇക്കുറി തദ്ദേശ ഫലം നിയസമഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT