വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ കോൺഗ്രസിന് വെല്ലുവിളി ഉയർത്തി വിമതൻ. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ആണ് ഔദ്യോഗിക സ്ഥാനാർഥി. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റായ കോൺഗ്രസ് നേതാവ് ബിനു ജേക്കബാണ് വിമതൻ.
പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ കോൺഗ്രസിനുള്ളിലാണ് മത്സരം. സ്ഥാനാർഥികൾ രണ്ടുപേരും കോൺഗ്രസുകാരാണ്. ഇരുവരും തിരക്കിട്ട പ്രചരണത്തിലുമാണ്. ഡിവിഷനിൽ സ്ഥാനാർഥി നിർണയത്തിൽ അപാകതയുണ്ടായി എന്നാണ് ബിനു ജേക്കബിന്റെ ആരോപണം. വയനാട് ഡിസിസി നേത്യത്വത്തിന്റെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ചാണ് പോരാട്ടത്തിന് ഇറങ്ങുന്നതെന്നും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും ബിനു പറയുന്നു.
യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിന് വിജയിക്കാൻ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് സംഷാദ് മരക്കാർ പറയുന്നു. സംഷാദ് മരക്കാർ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിക്കുമ്പോൾ ബിനു ജേക്കബ് ടെലിവിഷൻ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസിലെ രണ്ടുപേർ കളത്തിൽ ഇറങ്ങിയതോടെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ഇത് എൽഡിഎഫിന്റെ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.