പ്രതീകാത്മക ചിത്രം Source: Screengrab
Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന്

നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന്. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തൃശൂർ മുതൽ കാസർഗോഡ് വരെ 12,408 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. ജില്ലകളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. നിശബ്ദ പ്രചാരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കുകയാണ് മുന്നണികൾ.

തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 604 തദ്ദേശസ്ഥാപനങ്ങളിലെ 12,408 വാർഡുകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 470 പഞ്ചായത്തിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ഏഴ് ജില്ലകളിലായി 39,013 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ അന്തിമ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. ആകെ പോളിങ് ശതമാനം 70.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2020ലേക്കാൾ 2.94 ശതമാനത്തിൻ്റെ കുറവ്. ഉയർന്ന പോളിങ് എറണാകുളത്തും കുറവ് പത്തനംതിട്ടയിലും രേഖപ്പെടുത്തി.

SCROLL FOR NEXT