Local Body Poll

സ്ഥാനാർഥി സാറാമ്മയും പഞ്ചവടിപ്പാലവും മുതൽ ജഗദമ്മ വരെ; തദ്ദേശ തെരഞ്ഞെടുപ്പ് പ്രമേയമാക്കിയ ചിത്രങ്ങൾ

മറിമായം സംഘത്തിന്‍റെ പഞ്ചായത്ത് ജെട്ടി, മഞ്ജുവാര്യർ മെംബർ സുനന്ദയാകുന്ന വെള്ളരിപ്പട്ടണം എന്നിവയും പഞ്ചായത്തുകൾ നിറഞ്ഞുനിൽക്കുന്ന സിനിമകളാണ്.

Author : ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുന്ന ചില സിനിമകളുണ്ട്. സ്ഥാനാർഥി സാറാമ്മ മുതൽ പഞ്ചവടിപ്പാലം വരെ തെരഞ്ഞെടുപ്പും പഞ്ചായത്തും ഒക്കെ കേന്ദ്രമാക്കിയുള്ള ചിത്രങ്ങളാണ്. അങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയമായി വരുന്ന നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ ഇറങ്ങിയിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് അത്തരം സിനിമകളുടെ കഥയറിയാം.

പഞ്ചായത്തുകൾ നിറഞ്ഞുനിൽക്കുന്ന അനേകം സിനിമകളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്. അതിൽ ഏറ്റവും പേരുകേട്ടത് പഞ്ചവടിപ്പാലം തന്നെ. ദുശ്ശാസനക്കുറുപ്പെന്ന പഞ്ചായത്ത് പ്രസിഡന്‍റായി ഭരത് ഗോപിയും പഞ്ചവടി റാഹേൽ എന്ന മെംബറായി സുകുമാരിയും ശിഖണ്ഡിപ്പിള്ളയായി നെടുമുടി വേണുവും ജീമൂതവാഹനനായി വേണുനാഗവള്ളിയുമൊക്കെ തകർത്തഭിനയിച്ച സിനിമയുടെ ആദ്യാവസാനം പഞ്ചായത്താണ് കേന്ദ്രബിന്ദു. അഴിമതിവീരന്മാർ പണിയുന്ന പാലം തകരുമ്പോൾ വെള്ളത്തിലാകുന്നത് പൊതുജനത്തിന്‍റെ പ്രതീകമായ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കാതൊരയൻ എന്ന കഥാപാത്രം മാത്രമാണ്. വേളൂർകൃഷ്ണൻ കുട്ടിയുടെ കഥയ്ക്ക് കാർട്ടൂണിസ്റ്റ് യേശുദാസൻ സംഭാഷണമെഴുതിയ സിനിമ കെജി ജോർജാണ് സംവിധാനം ചെയ്തത്.

പഞ്ചവടിപ്പാലത്തിനും മുൻപ് 1966ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുഖ്യവിഷയമായി ഇറങ്ങിയ സിനിമയാണ് സ്ഥാനാർത്ഥി സാറാമ്മ. അന്നൊക്കെ ചിഹ്നത്തിലാണ് സ്ഥാനാർത്ഥിക്ക് വോട്ടിടേണ്ട പെട്ടി അറിയപ്പെട്ടിരുന്നത്. കുരുവി ചിഹ്നത്തിൽ സാറാമ്മയായി ഷീല. കടുവാചിഹ്നത്തിൽ ജോണിക്കുട്ടിയായി നസീർ. പഞ്ചായത്തിൽ കുരുവി ജയിച്ചാൽ പൊന്നോണം നാടാകെ എന്ന പാട്ടിലെ ഓരോ വരിയും ഇന്നും പ്രസക്തമാണ്. വയലാറാണ് ആ ഹാസ്യഗാനം എഴുതിയത്.തോട്ടുംകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും എന്നൊക്കെയുള്ള വാഗ്ദാനങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കു വന്നത് ആ സിനിമയിലൂടെയാണ്. മുട്ടത്തുവർക്കിയുടെ കഥ സംവിധാനം ചെയ്തത് കെ എസ് സേതുമാധവൻ.

പഞ്ചായത്ത് രാഷ്ട്രീയം നിറഞ്ഞുനിൽക്കുന്ന ഡസൻകണക്കിന് സിനിമകൾ പിന്നീടും ഉണ്ടായി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശത്തിൽ പഞ്ചായത്താണ് കഥാകേന്ദ്രമെങ്കിലും ചർച്ചചെയ്യുന്നത് സംസ്ഥാന വിഷയങ്ങളാണ്. അതേ ശ്രീനിവാസന്‍റെ കഥയിൽ സത്യൻ അന്തിക്കാട് ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വകയിൽ സംയുക്താ വർമ്മ അവതരിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റാണ് മുഖ്യ കഥാപാത്രം. കണ്ണൂർ വിമാനത്താവളത്തിന് സ്ഥലമെടുക്കുന്നതാണ് കഥയുടെ കാതൽ. ജോണി വള്ളക്കാല എന്ന ഇന്നസെന്‍റ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ജനപിന്നാക്ക യാത്രയൊക്കെ പഞ്ചായത്ത് നേതാക്കളെ കശക്കിയെറിയുന്നതാണ്.

ബിജുമേനോന് വലിയ പെരുമ നേടിക്കൊടുത്ത വെള്ളിമൂങ്ങ പഞ്ചായത്ത് രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്കുള്ള വളർച്ചയുടെ കഥയാണ്. മറിമായം സംഘത്തിന്‍റെ പഞ്ചായത്ത് ജെട്ടി, മഞ്ജുവാര്യർ മെംബർ സുനന്ദയാകുന്ന വെള്ളരിപ്പട്ടണം എന്നിവയും പഞ്ചായത്തുകൾ നിറഞ്ഞുനിൽക്കുന്ന സിനിമകളാണ്. ഉർവശിയുടെ ജഗദമ്മ ഏഴാം ക്ളാസ് ബി ഒരു പാൻ പഞ്ചായത്ത് സിനിമ എന്ന ടാഗ്ലൈനിലൂടെയാണ് പുറത്തുവന്നത്.

SCROLL FOR NEXT