സുഭാഷ് ചന്ദൻ  News Malayalam 24x7
Local Body Poll

അന്ന് ജീവിതം തിരിച്ചുപിടിച്ചു, ഇനി വാർഡും തിരിച്ചു പിടിക്കുമോ? മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് യുഡിഎഫ് സ്ഥാനാര്‍ഥി

കഴിഞ്ഞ രണ്ട് തവണയും ഇവിടെ വിജയിച്ചത് എല്‍ഡിഎഫ് ആണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ 27ാം വാര്‍ഡായ മാടപ്പാട്ടിലാണ് സുഭാഷ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡാണ് മാടപ്പാട്ട്.

കഴിഞ്ഞ രണ്ട് തവണയും ഇവിടെ വിജയിച്ചത് എല്‍ഡിഎഫ് ആണ്. എല്‍ഡിഎഫില്‍ നിന്നും ഭരണം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ സുഭാഷ് പറയുന്നത്. മഞ്ഞുമ്മല്‍ സിനിമ വന്നതു കൊണ്ടല്ല സ്ഥാനാര്‍ഥിയായതെന്നാണ് സുഭാഷ് ചന്ദ്രന്‍ പറയുന്നത്. കോണ്‍ഗ്രസ് കുടുംബമാണ് സുഭാഷിന്റേത്.

സുഭാഷിനെ വിജയിപ്പിക്കുമെന്ന വാശിയിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. ലീവ് എടുത്ത് സുഭാഷിനെ ജയിപ്പിക്കാന്‍ പ്രചരണത്തിന് ഇറങ്ങുമെന്നും പ്രവാസികളായ സുഹൃത്തുക്കള്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടവരാരും സുഭാഷിനെ മറക്കാന്‍ ഇടയില്ല. സുഭാഷിന്റെയും സുഹൃത്തുക്കളുടേയും ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പറഞ്ഞത്.

2006 ല്‍ സുഭാഷും സുഹൃത്തുക്കളും കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയും പിന്നീടുണ്ടായ സംഭവങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്. ഗുണ കേവില്‍ 600 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണത് സുഭാഷ് ആയിരുന്നു. സുഭാഷിന്റെ സുഹൃത്തുക്കള്‍ ജീവന്‍ പണയം വെച്ചാണ് അദ്ദേഹത്തെ മരണത്തില്‍ നിന്നും രക്ഷിച്ചത്.

സിനിമയില്‍ കാണുന്നത് പോലെ സുഭാഷിനെ പുറത്തെടുക്കാന്‍ കൊക്കയിലേക്ക് ഇറങ്ങിയ കുട്ടേട്ടന്‍ യഥാര്‍ത്ഥത്തില്‍ വേലശ്ശേരി സിജു ഡേവിഡ് ആണ്. സുഭാഷിന്റേയും ഡേവിഡിന്റേയും സുഹൃത്തുക്കളുടേയും അതിജീവനത്തിന്റെ കഥയാണ് ചിദംബരം തന്റെ സിനിമയിലൂടെ പറഞ്ഞത്.

സിനിമയില്‍ ശ്രീനാഥ് ഭാസിയാണ് സുഭാഷിന്റെ വേഷം ചെയ്തത്. സിജു ഡേവിഡ് എന്ന് കുട്ടേട്ടനായി എത്തിയത് സൗബിന്‍ ഷാഹിറും. മരണത്തില്‍ നിന്നും ജീവിതത്തെ തിരച്ചുപിടിച്ച സുഭാഷ് ഇനി എല്‍ഡിഎഫില്‍ നിന്നും മാടപ്പാട് വാര്‍ഡ് തിരിച്ചു പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

SCROLL FOR NEXT