എറണാകുളം: സ്വന്തം സ്ഥാനാർഥി ഇല്ലാതെ വന്നതോടെ ആരെയും പിന്തുണക്കാൻ കഴിയാത്ത ഗതികേടിലാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മനയ്ക്കപ്പടി ഡിവിഷനിൽ കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആയിരുന്ന ഷെറീന ഷാജിയുടെ പത്രിക തള്ളിയതോടെയാണ് തെരഞ്ഞെടുപ്പ് കളം വ്യക്തമായത്. ഇവിടെ ഏത് സ്ഥാനാർഥി ജയിച്ചാലും കോൺഗ്രസ് നേതൃത്വം മറുപടി പറയേണ്ടി വരും.
ഖാദി ബോർഡിൽനിന്നും ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുഡിഎഫ് പ്രതിനിധി സെറീനാഷാജിയുടെ പത്രിക സൂക്ഷ്മപരിശോധനയിൽ വരണാധികാരി തള്ളിയത്. സിറ്റിംഗ് സീറ്റ് ആയതുകൊണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസം കൂടുതലായതുകൊണ്ടും ഡമ്മി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ഇതോടെ ഡിവിഷനിൽ കോൺഗ്രസിന് സ്ഥാനാർഥി ഇല്ലാതായി.
എൽഡിഎഫ്, എൻഡിഎ, എസ്ഡിപിഐ എന്നീ മൂന്ന് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ മനക്കപ്പടി ഡിവിഷനിലെ വോട്ടുകൾ എവിടേക്ക് പോകും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.അഡ്വക്കേറ്റ് നമിത ജോസാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. ശ്രീജ ഹരി എൻഡിഎ സ്ഥാനാർഥിയായും നിൽക്കുന്നു. ഹസീന ഷാനവാസ് ആണ് എസ്ഡിപിഐ സ്ഥാനാർഥി. ഹസീന കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളാണ്.
കരുമാലൂർ പഞ്ചായത്തിലെ ആറ് വാർഡുകൾ ചേർന്നതാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം ഡിവിഷൻ. 2015ലും 2020ലും ആയിരം വോട്ടിൽ ഏറെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് എൽഡിഎഫിനെ തോൽപിച്ചത്. ആയിരം വോട്ടോളം എസ്ഡിപിഐ ഡിവിഷനിൽ നിന്ന് നേടിയിരുന്നു. കോൺഗ്രസ് വോട്ടുകൾ ലഭിച്ചാൽ നിഷ്പ്രയാസം ജയിച്ചു കേറാം എന്ന പ്രതീക്ഷയാണ് എസ്ഡിപിഐക്ക്. ഡിവിഷനിൽ വലിയ സ്വാധീനമില്ലെങ്കിലും കോൺഗ്രസ് വോട്ടുകളിൽ കണ്ണുംനട്ട് ബിജെപിയും പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.