Local Body Poll

കഴിഞ്ഞ തവണ ഒറ്റ വോട്ട് പോലുമില്ല; പിന്മാറാതെ, വീണ്ടും മത്സരത്തിനൊരുങ്ങി ഒ.പി. റഷീദ്

കൊടുവള്ളി നഗരസഭയിൽ മത്സരിച്ച ഒ.പി. റഷീദാണ് മത്സരത്തിന് ഇറങ്ങുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ട് പോലും കിട്ടാത്ത എൽഡിഎഫ് സ്ഥാനാർഥി വീണ്ടും മത്സരത്തിന് ഇറങ്ങുന്നു. കൊടുവള്ളി നഗരസഭയിൽ മത്സരിച്ച ഒ.പി. റഷീദാണ് മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് തോൽവി ഏറ്റു വാങ്ങിയിട്ടും, ചരിത്രം തിരുത്തി കുറിക്കാനാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന് റഷീദ് പറഞ്ഞു.

കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിൽ ആയിരുന്നു റഷീദ് മത്സരിച്ചത്. അതിന് പിന്നിൽ മറ്റൊരു കഥ കൂടി റഷീദിന് പറയാനുണ്ട്. ആദ്യം ഇടത് പ്രാദേശിക നേതാവും വ്യവസായിയുമായ കാരാട്ട് ഫൈസലിനെ ആയിരുന്നു ചുണ്ടപ്പുറം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ സ്ഥാനാർഥി സ്ഥാനത്ത് നിന്നും മാറ്റി പകരം ഒ.പി. റഷീദിനെ സ്ഥാനാർഥിയാക്കി മാറ്റി.

എന്നാൽ കാരാട്ട് ഫൈസൽ മത്സരത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. ചുണ്ടപ്പുറത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. നാട്ടിലുള്ളവരെല്ലാം കാരാട്ട് ഫൈസലിന് വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫിൻ്റെ യഥാർഥ സ്ഥാനാർഥിയായ റഷീദിന് ഒറ്റ വോട്ട് പോലും കിട്ടാതെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പിലെ തോൽവിയുടെ ചരിത്രം മാറ്റിയെഴുതാനാണ് ഇത്തവണയും മത്സരത്തിന് ഇറങ്ങുന്നതെന്ന് റഷീദ് ന്യൂസ് മലയാളത്തോട് പറഞ്ഞു. മത്സരിക്കണം എന്നാണ് പാർട്ടിയുടെ നിർദേശമെന്നും, ചർച്ചകൾ നടക്കുന്നുണ്ടെന്നും ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും റഷീദ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT