തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള എല്ലാ ജില്ലകളിലെയും സ്ഥാനാർഥി നിർണയം പൂർത്തിയായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഞങ്ങളെ സംബന്ധിച്ച് പ്രശ്നങ്ങളില്ല. കണ്ണൂരാണ് പിടിക്കേണ്ടത് അതിനു വേണ്ടിയുള്ള നല്ല ശ്രമം നടത്തുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ വമ്പിച്ച മുന്നേറ്റം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂർണമായി തയ്യാറാണെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണ്. ഒരുക്കങ്ങൾ നേരത്തെ പൂർത്തിയായെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞ അഞ്ചുവർഷം ഉണ്ടായത് ഏറ്റവും മികച്ച ഭരണമാണെന്നും പി. രാജീവ്. എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരം നേടിയ ഭരണമാണ് അവിടെയുണ്ടായത്. ഭരണ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ മുന്നേറ്റം ഉണ്ടാക്കുമെന്നും പി. രാജീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നടക്കില്ല എന്ന് വിചാരിച്ച പല പദ്ധതികളും സർക്കാർ നടപ്പാക്കി. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. എല്ലാവർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. സിപിഐയുമായി തർക്കങ്ങൾ ഇല്ല. നല്ല ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. ജയിച്ചു വരുന്നവരിൽ ഏറ്റവും മികച്ച ആളെ തന്നെ മേയറാക്കുമന്നും പി. രാജീവ് വ്യക്തമാക്കി.