തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ഗ്രാമപഞ്ചായത്താണ് കോന്നി . യുഡിഎഫ് സ്വാധീന മേഖലയെങ്കിലും ഇക്കുറി ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് . കോട്ട കാക്കാൻ യുഡിഎഫും ശക്തി തെളിയിക്കാൻ ബിജെപിയും ഒരുങ്ങുമ്പോൾ ഇത്തവണ വീറും വാശിയും കൂടും.
അഴിമതിയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്തിൽ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിലെ പോരായ്മ, ശ്മശാന നിർമാണത്തിലെ പിഴവുകൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ച് സമരം നടത്തി. ഇവയെല്ലാം തെരഞ്ഞെടുപ്പിൽ ഗുണകരമാകും എന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം തള്ളുകയാണ് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്ക് കീഴിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം . ചെറുകിട കുടിവെള്ള പദ്ധതികൾക്കും മാലിന്യ നിർമാർജനത്തിനും പൊതു സ്വീകാര്യത ലഭിച്ചതായാണ് വിലയിരുത്തൽ. ക്വാറികൾക്ക് അനുമതി നൽകിയതിൽ അഴിമതി ഉണ്ടെന്നും ക്വാറി മുതലാളിമാർക്ക് വേണ്ടിയാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി പ്രവർത്തിക്കുന്നതെന്നും ഇടതുമുന്നണി ആരോപിക്കുന്നു.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായക ശക്തി ആകുമെന്നാണ് ബിജെപിയുടെ അവകാശവാദം. ആകെയുള്ള 18 സീറ്റിൽ യുഡിഎഫ് 12 , എൽഡിഎഫ് അഞ്ച് , ബിജെപി 1 എന്നിങ്ങനെ ആണ് നിലവിലെ കക്ഷിനില . വാർഡ് വിഭജനത്തോടെ പഞ്ചായത്തിലെ ആകെ വാർഡുകളുടെ എണ്ണം 20 ആയി ഉയർന്നിട്ടുണ്ട്.