പ്രതീകാത്മക ചിത്രം Source: Screengrab
Local Body Poll

തെരഞ്ഞെടുപ്പ് ആവേശത്തിൽ രാഷ്‌ട്രീയ കേരളം; സ്ഥാനാർഥി പ്രഖ്യാപനവും പ്രചരണവും വേഗത്തിലാക്കി മുന്നണികൾ

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണം സജീവമാക്കുകയാണ് മുന്നണികൾ

Author : ന്യൂസ് ഡെസ്ക്

തദ്ദേശ അങ്കത്തിൻ്റെ ആവേശത്തിൽ രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണം സജീവമാക്കുകയാണ് മുന്നണികൾ. സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാൻ തിരക്കിട്ട ചർച്ചകളാണ് മുന്നണികളിൽ നടക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ഒരുപടി മുന്നിലാണ്. അതേസമയം 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൻഡിഎ, 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫും ബാക്കി ഉള്ളവരെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. മുതിർന്ന നേതാക്കളാണ് ഇത്തവണ പല വാർഡുകളിലും മത്സരിക്കുന്നത്.

കൊച്ചിയിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നും നാളെയുമായി നടക്കും. എൽഡിഎഫ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. സിപിഐഎം, സിപിഐ ജില്ലാ സെക്രട്ടറിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെയാകും യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം. ഇനി മേയർ സ്ഥാനാർഥി സാധ്യതകൾ പരിശോധിച്ചാൽ യുഡിഎഫിൽ ഷൈനി മാത്യൂ, ദീപ്തി മേരി വർഗീസ്, എൽഡിഎഫിൽ ദീപ വർമ, പൂർണിമ നാരയണൻ, എൻഡിഎയിൽ പ്രിയ പ്രശാന്ത് എന്നിവരാണ് സാധ്യതയിൽ.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള പ്രചരണം സജീവമാക്കുകയാണ് മുന്നണികൾ. കോർപ്പറേഷനിലേക്കുള്ള 22 സ്ഥാനാർഥികളെയാണ് കോൺഗ്രസ്‌ ഇന്നലെ പ്രഖ്യാപിച്ചത്‌. എൽഡിഎഫ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. ചാലപ്പുറം ഡിവിഷൻ സിഎംപിക്ക്‌ നൽകിയതിൽ കോൺഗ്രസ്‌ പ്രാദേശിക നേതൃത്വം അമർഷത്തിലാണ്.

ഇലക്ഷൻ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ് സാംസ്കാരിക നഗരമായ തൃശൂർ. മൂന്ന് മുന്നണികളും വിജയം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ വീറും വാശിയും നിറഞ്ഞ പോരാട്ടമാകും കോർപ്പറേഷനിലേക്ക് നടക്കുക. കോൺഗ്രസ് സ്ഥാനാർഥികൾ ഇതിനോടകം പ്രചാരണം തുടങ്ങിക്കഴിഞ്ഞു . ബിജെപി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക കൂടി ഇന്ന് പ്രസിദ്ധീകരിക്കും.

SCROLL FOR NEXT