ആലപ്പുഴ: 25 വർഷമായി എൽഡിഎഫാണ് ഭരിക്കുന്ന പഞ്ചായത്താണ് പുന്നപ്ര. 1995 ലാണ് പഞ്ചായത്ത് രൂപീകൃതമായത്. ആദ്യമായി പഞ്ചായത്ത് ഭരിച്ചത് കോൺഗ്രസ് ആണെങ്കിലും പിന്നീടങ്ങോട്ട് പുന്നപ്രയിലെ ജനങ്ങൾ ഇടതിനൊപ്പമായിരുന്നു. ആറാം തവണയും അധികാരത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ് ഇറങ്ങുമ്പോൾ, ജനവിധി ഇത്തവണയെങ്കിലും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പുകൾ. ഇക്കുറി പുതുതായി ചേർത്ത രണ്ട് വാർഡുകൾ അടക്കം 19 വാർഡുകളിലാണ് മത്സരം .
17 വാർഡുകളിൽ 10ലും ജയിച്ചാണ് കഴിഞ്ഞ തവണ പുന്നപ്ര തെക്ക് പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയത്. നാളിതുവരെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിനെ ചെങ്കോട്ടയായി നിലനിർത്തുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. ആറാം ഊഴം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇടത് ക്യാംമ്പുകൾ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് യുഡിഎഫിന് നേടാനായത്. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽ ഉണ്ടെന്നും ഇത് ഗുണം ചെയ്യുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു.
ഫണ്ട് ചിലവാക്കുന്നതിൽ അടക്കം ഭരണസമിതിക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് ബിജെപി ആരോപണം.നില മെച്ചപ്പെടുത്തി ഇത്തവണ അധികാരത്തിൽ എത്തുമെന്നും ബിജെപി പറയുന്നു. കോൺഗ്രസും, ബിജെപിയും എസ്ഡിപിഐയും നേടിയത് രണ്ട് സീറ്റ് വീതം ആയതിനാൽ കഴിഞ്ഞ തവണ പഞ്ചായത്തിൽ പ്രതിപക്ഷം ഉണ്ടായിരുന്നില്ല.