കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സമസ്ത എപി വിഭാഗം. വെള്ളാപ്പള്ളി നടേശനെ ചേർത്തുനിർത്തിയത് തിരിച്ചടിച്ചെന്ന് എപി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി ന്യൂസ് മലയാളത്തോട് പറഞ്ഞു. വെള്ളാപ്പളളിയുടെ വർഗീയ പരാമർശത്തോട് മൃദുസമീപനം സ്വീകരിച്ചു എന്നും ഇടതുപക്ഷത്ത് നിന്നും പ്രതീക്ഷിക്കുന്നത് വർഗീയതക്കെതിരായ നിലപാടാണെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു.
ഇടതുപക്ഷത്ത് നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് വർഗീയതയ്‌ക്കെതിരായ നിലപാടാണെന്ന് റഹ്മത്തുള്ള സഖാഫി അഭിപ്രായപ്പെട്ടു. അതില്ലാതെ വന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി കാരണം. വെള്ളാപ്പള്ളി വർഗീയ പരാമർശം നടത്തിയപ്പോൾ, മുഖ്യമന്ത്രി തിരുത്തുകയാണ് വേണ്ടിയിരുന്നത്. എന്നാൽ വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ച കാഴ്ചയാണ് കണ്ടതെന്നും റഹ്മത്തുള്ള സഖാഫി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സമസ്തയുടെ നിലപാടിൽ മാറ്റമില്ലെന്ന് റഹ്മത്തുള്ള സഖാഫി വ്യക്തമാക്കി. വെൽഫെയർ പാർട്ടി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. വെൽഫെയർ പാർട്ടി ധാരണയിൽ നിന്നും യുഡിഎഫ് പിന്മാറണമെന്ന നിലപാടിൽ മാറ്റമില്ലെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ സമസ്ത ഇകെ സുന്നി വിഭാഗവും സിപിഐഎമ്മിനെതിരെ വിമർശനമുന്നയിച്ചു. സിപിഐഎം ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിച്ചുവെന്നും അത്യന്തം ആപൽക്കരമായ രാഷ്ട്രീയ നിലപാട് ആണ് സിപിഐഎം സ്വീകരിച്ചതെന്നും സുപ്രഭാതത്തിൽ വിമർശനം.