ഫെന്നി നൈനാൻ, രാഹുൽ മാങ്കൂട്ടത്തിൽ 
Local Body Poll

അനുയായികൾക്കെല്ലാം സീറ്റ്; കേസിനിടയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ണായക ശക്തി

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസിലും ഫെന്നി പ്രതിയാണ്.

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ണായക ശക്തിയായി തുടരുന്നു. പത്തനംതിട്ടയില്‍ രാഹുലിന്റെ അനുയായികള്‍ എല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികളാണ്. രാഹുല്‍ കൂടെ നില്‍ക്കുന്നവരെ 'കെയര്‍' ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീലപ്പെട്ടി വിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ആളാണ് ഫെന്നി നൈനാന്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസിലും ഫെന്നി പ്രതിയാണ്. രാഹുലിന്റെ ഏറ്റവും അടുത്ത ഈ വിശ്വസ്തന്‍ അടൂര്‍ നഗരസഭ എട്ടാം വാര്‍ഡിലാണ് മത്സരിക്കുന്നത്. ഇയാള്‍ അടുത്തിടെ കെഎസ്‍യു സംസ്ഥാന ഭാരവാഹി ആയതും രാഹുലിന്റെ ഇടപെടലിലൂടെയാണ്.

സംഘടനാ പ്രവര്‍ത്തന കാലത്തും ലൈംഗികാരോപണം ഉയര്‍ന്ന് രാഹുല്‍ വീട്ടില്‍ തന്നെ ഇരുപ്പുറപ്പിച്ച സമയങ്ങളിലും ഒപ്പം ഉണ്ടായിരുന്ന ആളാണ് റെനോ പി രാജന്‍. ഏറത്ത് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് റിനോ സ്ഥാനാര്‍ഥി. കെഎസ്‍യു ജില്ലാ ജനറല്‍ സെക്രട്ടറിയായ നസ്മല്‍ കാവിളയും രാഹുലിന്റെ സന്തത സഹചാരിയാണ്.

അടൂര്‍ നഗരസഭയിലെ 22 വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി നസ്മല്‍ മത്സരിക്കുന്നത്. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ഉണ്ണികൃഷ്ണന്‍ ചൂരക്കോടും ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷണല്‍ മത്സരിക്കുന്ന അഡ്വ. സവിത അഭിലാഷും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ താല്‍പര്യപ്രകാരം സീറ്റ് ലഭിച്ചവരാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐയില്‍ നിന്നും രാജിവച്ച് യുഡിഎഫിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മയാണ് മറ്റൊരാള്‍. ലൈംഗിക ആരോപണ വിവാദങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് പരസ്യമായി ഫെയ്സ്ബുക്കില്‍ എഴുതിയ ആളാണ് ശ്രീനാദേവി. പിന്നാലെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും കോണ്‍ഗ്രസില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു. ലൈംഗികാരോപണങ്ങളില്‍ മുങ്ങിയാണ് രാഹുല്‍ നില്‍ക്കുന്നതെങ്കിലും കൂടെ നിന്നവരെയെല്ലാം രാഹുല്‍ 'കെയര്‍' ചെയ്തിട്ടുണ്ട്. മെറിറ്റ് നോക്കാതെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സീറ്റ് നല്‍കിയതില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്.

SCROLL FOR NEXT