Local Body Poll

എറണാകുളത്തെ വിട്ടൊഴിയാതെ വിമത ഭീഷണി; കൊച്ചി കോര്‍പ്പറേഷനില്‍ മാത്രം യുഡിഎഫിനെതിരെ മത്സരിക്കുന്നത് ഒന്‍പത് വിമതര്‍

മുന്‍ അധ്യക്ഷന്മാരായ അജിത തങ്കപ്പന്‍, ഷാജി വാഴക്കാല എന്നിവരുടെ വാര്‍ഡിലും വിമത സ്ഥാനാര്‍ഥികള്‍ ഉണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും വിട്ടൊഴിയാതെ വിമത ഭീഷണി. പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫിന് വിമതരുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ 9 വിമതര്‍ ആണ് യുഡിഎഫിന് ഉള്ളത്. ചുള്ളിക്കല്‍, ഗിരിനഗര്‍, പള്ളുരുത്തി തുടങ്ങിയ ഇടങ്ങളിലാണ് വിമതര്‍ ഉള്ളത്.

ആറ് തവണ കൗണ്‍സിലറായിരുന്ന ബിജെപിയിലെ ശ്യാമള എസ് പ്രഭു വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. തൃക്കാക്കരയില്‍ യുഡിഎഫിന് അഞ്ച് വിമതര്‍ ഉണ്ട്. മുന്‍ അധ്യക്ഷന്മാരായ അജിത തങ്കപ്പന്‍, ഷാജി വാഴക്കാല എന്നിവരുടെ വാര്‍ഡിലും വിമത സ്ഥാനാര്‍ഥികള്‍ ഉണ്ട്. പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഓരോ വിമതര്‍ വീതം ഉണ്ട്.

ഒക്കല്‍ പഞ്ചായത്ത് 16ആം വാര്‍ഡില്‍ യുഡിഎഫിന് വിമതന്‍ ഉണ്ട്. പെരുമ്പാവൂര്‍ നഗരസഭയില്‍ 21ആം വാര്‍ഡില്‍ യുഡിഎഫിനും 22ആം നഗരസഭയില്‍ എല്‍ഡിഎഫിനും വിമതനുണ്ട്. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് വാര്‍ഡ് 11 ല്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.

വിമതനായി പത്രിക നല്‍കിയതോടെ പത്രിക നല്‍കിയതോടെ കഴിഞ്ഞ ദിവസം സിപിഐഎം അബ്ബാസിനെ പുറത്താക്കിയിരുന്നു. കോതമംഗലം നഗരസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ ആയ അഡ്വ. ഷിബു കുര്യാക്കോസ് 18-ാം വാര്‍ഡില്‍ വിമതനാണ്. യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിനു നല്‍കിയ സീറ്റാണ് ഇത്.

അതേസമയം പത്രിക പിന്‍വലിക്കാത്ത വിമതരെ പാര്‍ട്ടിക്ക് പുറത്താക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കുറച്ചുപേരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിജയ സാധ്യത നോക്കിയാണ് എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ജനറല്‍ സീറ്റില്‍ വനിതകള്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ഷിയാസ് ചോദിച്ചു.

SCROLL FOR NEXT