തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിലെ തർക്കത്തെ തുടർന്ന് ജീവനൊടുക്കിയ ആനന്ദ് തമ്പിയുടെ കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ബിജെപി സ്ഥാനാർഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ച് കൊണ്ട് ഞാൻ ആർഎസ്എസിൻ്റെ ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആർഎസ്എസിൻ്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോൾ തൃക്കണ്ണാപുരം വാർഡിൽ എനിക്ക് ബിജെപി സ്ഥാനാർഥി ആകാൻ സാധിച്ചില്ലെന്ന് ആനന്ദ് തമ്പി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
"ഞാൻ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദം എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എൻ്റെ അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണ്"; കുറിപ്പിൽ പറയുന്നു.
"എൻ്റെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്".
"എൻ്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു"; എന്നും ആനന്ദ് വ്യക്തമാക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)