Local Body Poll

സ്ഥാനാർഥി നിർണയത്തിലെ തർക്കം; തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിലെ തർക്കത്തെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് മരിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർഎസ്എസ്- ബിജെപി നേതാക്കളെ പരാമർശിച്ച് കൊണ്ട് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

തൃക്കണ്ണാപുരത്ത് മണ്ണ് മാഫിയക്കാരനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. 16 വയസ്സ് മുതൽ താൻ ആർഎസ്എസുകാരനാണ് എന്നും കോഴിക്കോട് പ്രചാരകനായി പ്രവർത്തിച്ചു എന്നും ആനന്ദ് കുറിച്ചിട്ടുണ്ട്.

ചെറുപ്പം തൊട്ടേ ആർഎസ്എസ് പ്രവർത്തകനായിട്ടും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ വളരെയധികം മനോവിഷമത്തിലാണ് എന്ന് കൂട്ടുകാർക്ക് അയച്ച സന്ദേശത്തിൽ ആനന്ദ് പറയുന്നുണ്ട്. തൻ്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും ഒറ്റ ആർഎസ്എസുകാരനെയോ ബിജെപിക്കാരനെയോ കാണാൻ അനുവദിക്കരുതെന്നും ആനന്ദ് കുറിച്ചിട്ടുണ്ട്.

"എന്നാൽ ഞാൻ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദം എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എൻ്റെ അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണ്. കുടുംബം പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല", ആനന്ദ് കുറിപ്പിൽ പറഞ്ഞു.

എൻ്റെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ജീവനൊടുക്കാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചതും. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർഥിച്ചുകൊണ്ട് നിർത്തുന്നു എന്നും ആനന്ദിൻ്റെ കുറിപ്പിൽ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT