കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിക്കുന്നു. ഞെട്ടിയല്ലേ. എന്നാൽ ഇതും കൂടി കേട്ടോളു. മത്സരം എൻഡിഎ ടിക്കറ്റിലാണ്. അമ്പരക്കേണ്ട. ഇത് കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയല്ല, തോട്ടം മേഖലയിലെ സോണിയ ഗാന്ധിയാണ്. മൂന്നാറിലെ സോണിയ ഗാന്ധിയുടെ സ്ഥാനാർഥി വിശേഷങ്ങളറിയാം ഇനി.
പ്രദേശവാസികളല്ലാത്ത ആര് കേട്ടാലും ഒന്ന് അമ്പരക്കും. അതുറപ്പാണ്. രാഹുലിനും പ്രിയങ്കയ്ക്കും പിന്നാലെ സോണിയ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നോ. അതും തദ്ദേശ തെരഞ്ഞെടുപ്പിൽ. ഞെട്ടിക്കുന്ന വിവരം അതുമാത്രമല്ല. കോൺഗ്രസിന്റെ ശക്തരായ എതിരാളിയായ ബിജെപിയുടെ സ്ഥാനാർഥിയായാണ് ഈ സോണിയ ഗാന്ധി മത്സരിക്കുന്നത്. പേര് കോൺഗ്രസ് ഉന്നത നേതാവിന്റേതാണെങ്കിലും മൂന്നാറിലെ സോണിയ ഗാന്ധി ബിജെപി സ്ഥാനാർഥിയാണ്. മൂന്നാർ പഞ്ചായത്തിലെ 16ആം വാർഡ് ആയ നല്ലതണ്ണിയിൽ തേരോട്ടം നടത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയിലെ ഈ സോണിയ ഗാന്ധി.
നല്ലതണ്ണി കല്ലാറിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. കോൺഗ്രസ്സ് നേതാവായ സോണിയ ഗാന്ധിയോടുള്ള ഇഷ്ടവും ആരാധനയും മൂലമാണ് മകൾക്ക് ദുരൈരാജ് ഈ പേര് നൽകിയത്. ഭർത്താവിനൊപ്പം പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയതോടെയാണ് സോണിയ ഗാന്ധി ബിജെപി പ്രവർത്തകയായത്. സോണിയയുടെ ഭർത്താവ് സുഭാഷ് ബിജെപിയുടെ സജീവ പ്രവർത്തകൻ ആണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാർഡിൽ കോൺഗ്രസിലെ മഞ്ജുള രമേശും സിപിഐഎമ്മിലെ വളർമതിയുമാണ് സോണിയയുടെ എതിരാളികൾ. സോണിയ ജയിച്ചാലും ഇല്ലെങ്കിലും വൈറലാകുമെന്ന് ഉറപ്പാണ്. ദേശീയ തലത്തിൽ ട്രോളുകൾക്ക് ഇത് ഇടയാക്കുമെന്നും ഉറപ്പാണ്.