Source: News Malayalam 24X7
Local Body Poll

കാത്തിരുന്നത് 21 വർഷം; കേരളത്തിൽ കന്നിവോട്ടിനൊരുങ്ങി ശ്രീലങ്കൻ സ്വദേശിനി

നിശ്ചിത കാലയളവിൽ വിസ പുതുക്കിയായിരുന്നു പിന്നീടുള്ള വർഷങ്ങൾ സുജീവ കേരളത്തിൽ തങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഒന്നും രണ്ടുമല്ല 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കന്നി വോട്ട് ചെയ്യാനൊരുങ്ങുകയാണ് തൃശൂർ പുതുക്കാട് സ്വദേശി സുജീവ. ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തിയ സുജീവക്ക് ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്.ശ്രീലങ്കയിൽ ജനിച്ച് വളർന്ന ക്രാണ്ട്‌ഗൊഡ് കങ്കാണാംഗെ ലലാനി സുജീവ എന്ന സുജീവ ഇന്ത്യയുടെ മരുമകളായി മാറുക ആയിരുന്നു.

മസ്‌കറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് തൃശൂർ പുതുക്കാട് ചെങ്ങാലൂർ സ്വദേശി ബിജുവിനെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറിയപ്പോൾ ഇരുവരും വിവാഹിതരായി. 2001ൽ ശ്രീലങ്കയിൽ വച്ച് നടന്ന വിവാഹത്തിന് ശേഷം നാല് വർഷം കഴിഞ്ഞാണ് സുജീവ പുതുക്കാട്ടേക്ക് എത്തുന്നത്. അഞ്ച് വര്‍ഷം സ്ഥിരമായി രാജ്യത്ത് താമസിച്ചാല്‍ പൗരത്വം ലഭിക്കുമെങ്കിലും സുജീവക്ക് പൗരത്വം ലഭിക്കാൻ ചില സാങ്കേതിക തടസങ്ങളുണ്ടായി. നിശ്ചിത കാലയളവിൽ വിസ പുതുക്കിയായിരുന്നു പിന്നീടുള്ള വർഷങ്ങൾ സുജീവ കേരളത്തിൽ തങ്ങിയത്.

സുജീവയ്ക്ക് പൗരത്വവും വോട്ടവകാശവും ഇല്ലാത്ത വിവരം അറിഞ്ഞ പഞ്ചായത്തംഗം രശ്മി ശ്രീഷോബാണ് ഇവരുടെ പ്രശ്നത്തിൽ ഇടപെടുന്നതും പരിഹാരം കാണുന്നതും നാലു വര്‍ഷത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ വര്‍ഷം, തൃശ്ശൂര്‍ കളക്ടറില്‍നിന്നുമാണ് സുജീവ പൗരത്വരേഖ കൈപറ്റിയത്. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. അങ്ങനെ ഏറെ ആഗ്രഹിച്ച ഇന്ത്യൻ പൗരത്വം ലഭിച്ചതോടെ ആദ്യമായി ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ വോട്ടവകാശം വിനിയോഗിക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് സുജീവ.

SCROLL FOR NEXT