കൊച്ചി: ശിരോവസ്ത്ര വിവാദത്തിൽപ്പെട്ട സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. കൊച്ചി കോർപ്പറേഷനിൽ 62-ാം ഡിവിഷനിലാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. പുതിയതായി വന്ന വാർഡിലാണ് ജോഷി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
തികച്ചും വിദ്യാർഥിക്ക് പ്രതികൂലമായിട്ടായിരുന്നു പിടിഎ പ്രസിഡൻ്റ് ജോഷി കൈതവളപ്പിൽ ശിരോവസ്ത്ര വിവാദത്തിൽ നിലപാട് സ്വീകരിച്ചത്. അന്ന് തനിക്ക് രാഷ്ട്രീയമില്ലെന്നും സ്കൂളിൻ്റെ ഭാഗത്ത് നിന്നാണ് സംസാരിക്കുന്നത് എന്നുമായിരുന്നു ജോഷി പ്രതികരിച്ചിരുന്നത്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രതിനിധിയായാണ് ജോഷി മത്സരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ജോഷിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിൽ വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതാണ് അന്ന് സംഭവങ്ങളുടെ തുടക്കം. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്കൂൾ മാനേജ്മെൻ്റ് മറുപടി നൽകുകയായിരുന്നു.