കണ്ണൂർ: ജീവിതചര്യയോട് ചേർന്ന് നിൽക്കുന്ന ചിഹ്നത്തിൽ മത്സരിക്കുന്നതിന്റെ സന്തോഷമാണ് കണ്ണൂർ മാടായി പഞ്ചായത്ത് മൂന്നാം വാർഡിലെ എൽഡിഎഫ് സ്വതന്ത്രൻ സഹജൻ പണിക്കർക്ക്. തെയ്യം കലാകാരനായ സ്ഥാനാർഥിക്ക് ചെണ്ടയാണ് ചിഹ്നം. പ്രചാരണ തിരക്ക് കാരണം തെരഞ്ഞെടുപ്പ് കഴിയും വരെ തെയ്യം കെട്ടലിൽ നിന്ന് മാറി നിൽക്കുകയാണ് സഹജൻ പണിക്കർ.
സ്ഥാനാർഥി ഇച്ഛിച്ചതും ഇലക്ഷൻ കമ്മീഷൻ കല്പിച്ചതും ചെണ്ട. സ്ഥാനാർഥിക്കും കൂട്ടർക്കും ആനന്ദ ലബ്ധിക്ക് ഇനിയെന്ത് വേണം. ജീവിതതാളം തന്നെ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് സഹജൻ പണിക്കർ. ചെണ്ടയും തൂക്കി കാവുകളിലേക്കെത്തുന്ന നാട്ടുകാർക്കറിയുന്ന സ്ഥാനാർഥിക്ക് ചെണ്ടയെക്കാൾ മികച്ച ഏത് ചിഹ്നം കിട്ടാൻ. കായ്‌ഫലമുള്ള തെങ്ങായിരുന്നു ആദ്യം പ്രതീക്ഷിച്ച ചിഹ്നം. എന്നാൽ ചിഹ്നങ്ങളുടെ ലിസ്റ്റ് കിട്ടിയപ്പോൾ കൂട്ടത്തിൽ ചെണ്ട കണ്ടതോടെ തീരുമാനം മാറ്റി.
സഹജൻ പണിക്കർ വേങ്ങര മേഖലയിലെ അറിയപ്പെടുന്ന തെയ്യം കലാകാരനാണ്. 14ാം വയസുമുതൽ തെയ്യം കെട്ടുന്നുണ്ട്. തീച്ചാമുണ്ഡി, പൊട്ടൻ തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടും. കാവുകളിലെ ചെണ്ട കൊട്ടലും, തോറ്റവും, തെയ്യവുമൊക്കെ ഉപാസനയായി കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് വർഷം 45 ആയി. ഇത്തവണത്തെ തെയ്യം സീസണിലാണ് സ്ഥാനാർഥിത്വം വന്നുചേരുന്നത്. തെയ്യക്കാവും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഇത്തവണ പതിവിലേറെ തിരക്കാണ് പണിക്കർക്ക്. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾക്ക് ജനങ്ങൾ ചെണ്ടയിൽ വോട്ടിടുമെന്ന് സഹജൻ പണിക്കറുടെ ഉറപ്പ്.
കാവുകളിൽ ചടങ്ങുകളുടെ ഭാഗമാകുമെങ്കിലും തെരഞ്ഞെടുപ്പ് കഴിയും വരെ തെയ്യം കെട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. സമയമാണ് പ്രശ്‌നം. യുഡിഎഫിൽ നിന്ന് സഹജൻ പണിക്കർ വാർഡ് പിടിക്കുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. 2020 ലെ ഫോകലോർ അവാർഡ് ജേതാവ് കൂടിയായ സഹജൻ പണിക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ തെയ്യത്തിന്റെ മുടി അണിഞ്ഞ് വീണ്ടും കാവുകളിലെത്തുമെന്നും പറയുന്നു.