തിരുവനന്തപുരം: നഗരസഭയുടെ 101ആം വാർഡ് പള്ളിത്തുറയിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ കുറിച്ചാണ് ഇനി പറയുന്നത്. വിദ്യാഭ്യാസ യോഗ്യത കൊണ്ടാണ് ആള് വ്യത്യസ്തയാകുന്നത്. അതിനും മാത്രം എന്താണ് എന്നാണോ. നോക്കാം നമുക്ക്.
നാമനിർദ്ദേശപത്രിക പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ ഒന്ന് അതിശയിച്ചു. സ്ഥാനാർത്ഥിയുടെ പേര് പുഷ്പലത. പേരിലല്ല കാര്യം. വിദ്യാഭ്യാസ യോഗ്യതയുടെ പട്ടിക ഒന്ന് കണ്ടപ്പോഴാണ് കണ്ണുതള്ളിയത്. വിവിധ വിഷയങ്ങളിൽ 35 ഓളം ബിരുദവും ബിരുദാനന്തര ബിരുദവും. ഇതുകൂടാതെ പി എച്ച് ഡിയും. കഴിഞ്ഞില്ല ഹൈക്കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് കൂടിയാണ് പുഷ്പലത.
വന്നിട്ടുള്ള പത്രികകളിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു. പഠനത്തോടൊപ്പം ചെറുപ്പം മുതലേ പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കാനും ഇഷ്ടമുണ്ട്. അങ്ങനെയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മെഴുകുതിരി ചിഹ്നത്തിൽ മത്സര രംഗത്തിറങ്ങുന്നത്.
നിയമത്തിലുള്ള പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും പൊതുപ്രവർത്തനരംഗത്തും മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷ. വാർഡിൽ മൂന്നു മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികൾ കൂടിയുണ്ട്. എങ്കിലും വലിയ വിജയപ്രതിക്ഷയിലാണ് പുഷ്പലത.