തിരുവനന്തപുരം: 2036ലെ ഒളിംപിക്സ് വേദികളിലൊന്ന് തിരുവനന്തപുരത്ത് ആകുമെന്ന വമ്പൻ വാഗ്ദാനവുമായി ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ പ്രകടന പത്രികയിലാണ് വമ്പന്‍ വാഗ്ദാനം. കേന്ദ്ര സര്‍ക്കാരില്‍ ഇത് സംബന്ധിച്ച് സമ്മര്‍ദം ചെലുത്തുമെന്നും പത്രികയിൽ പറയുന്നു. മാരാർജി ഭവനിൽ നടന്ന പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പത്രിക പ്രസിദ്ധീകരിച്ചു.
വീടില്ലാത്തവർക്ക് അഞ്ച് വർഷം കൊണ്ട് വീട് നൽകും, കോർപ്പറേഷനും ജനങ്ങളും തമ്മിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 100 % ഡിജിറ്റലാക്കി അഴിമതി അവസാനിപ്പിക്കും, 2036ലെ ഒളിംപിക്സ് വേദികളിലൊന്ന് തിരുവനന്തപുരത്ത് ആക്കും, വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതികൾ രൂപീകരിക്കും, ജലാശയങ്ങൾ ശുദ്ധീകരിച്ച് സംരക്ഷിക്കും, മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്ന സംവിധാനം നടപ്പിലാക്കും, വഴിവിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
പ്രകാശന ചടങ്ങിൽ കെകെസി സംസ്ഥാന ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ശിവസേന സംസ്ഥാന അധ്യക്ഷൻ പേരൂർക്കട ഹരികുമാർ, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഡോ. അബ്ദുൾ സലാം, കെ. സോമൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ്. സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ പ്രേംരാജ് തുടങ്ങിയവർ പങ്കെടുത്തു.