ആർ.ഹരി Source: News Malayalam 24x7
Local Body Poll

പ്രചാരണായുധം ആത്മവിശ്വാസം; തൊടുപുഴയിലെ ഈ സ്ഥാനാർഥിക്ക് ഫ്ലക്സ് ബോർഡും ബാനറും വേണ്ട!

കഴിഞ്ഞ 32 വർഷം തുടർച്ചയായി ഇടുക്കി തൊടുപുഴ നഗരസഭയിലെ കൗൺസിലറായ ആർ. ഹരിയാണ് ഇത്തവണയും തെരഞ്ഞെടുപ്പ് ചെലവ് ചുരുക്കി മത്സരത്തിന് ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഇതുവരെ പോസ്റ്ററും, ബാനറും, ചുവരെഴുത്തും, ഫ്ളെക്സ് ബോർഡുകളും ഉപയോഗിക്കാത്ത ഒരു സ്ഥാനാർഥി. കഴിഞ്ഞ 32 വർഷം തുടർച്ചയായി ഇടുക്കി തൊടുപുഴ നഗരസഭയിലെ കൗൺസിലറായ ആർ. ഹരിയാണ് ഇത്തവണയും തെരഞ്ഞെടുപ്പ് ചെലവ് ചുരുക്കി മത്സരത്തിന് ഒരുങ്ങുന്നത്.

ആർ. ഹരിക്ക് തെരഞ്ഞെടുപ്പ് പ്രചരണായുധം ആത്മവിശ്വാസം ഒന്ന് മാത്രമാണ്. ആർ. ഹരിയെ വോട്ടർമാർക്ക് അറിയാൻ ഫ്ളക്സ് ബോർഡുകൾ വേണ്ട ചുവരെഴുത്ത് വേണ്ട പോസ്റ്ററുകൾ വേണ്ട . ഇക്കാലമത്രയും ഒരു പ്രസ്താവന മാത്രമാണ് വോട്ടർമാർക്ക് കൈമാറാറുള്ളത്. അതിനായി വാർഡിലെ വീടുകൾ മുഴുവൻ കയറിയിറങ്ങും. പുത്തൻ കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോട് ഹരിക്ക് വിയോജിപ്പില്ലെങ്കിലും തന്റെ സോഷ്യൽ എഞ്ചിനീയറിംഗ് ഇങ്ങനെയെന്ന് ഹരി പറയുന്നു.

ഏഴാം തവണയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആർ. ഹരി സ്വതന്ത്ര സ്ഥാനാർഥി അങ്കത്തിനിറങ്ങുന്നത്. മുൻകാലങ്ങളിൽ ഇടത് സ്വതന്ത്രൻ എങ്കിൽ ഇത്തവണ സർവസ്വതന്ത്രനായാണ് മത്സരം. വോട്ടർ പട്ടിക നോക്കാതെ ഓരോ വോട്ടർമാരെയും പേരെടുത്തു വിളിക്കാൻ കഴിയുന്ന ബന്ധം വാർഡുമായി ഉണ്ടെന്ന് ആർ ഹരി പറയുന്നു. ജനനന്മയ്ക്കായുള്ള പ്രവർത്തന ശൈലിയാണ് ഹരിയെ സമ്മതനാക്കുന്നതെന്ന് വോട്ടർമാർ.

തൊടുപുഴ നഗരസഭയിലെ നടുക്കണ്ടം, പാറക്കടവ് , കൊന്നയ്ക്കമല , കോലാനി വാർഡുകളിലാണ് ഇക്കാലമത്രയും ജനവിധി തേടിയത്. എല്ലായിടങ്ങളിലും വിജയം മാത്രം. 2015 ലെ തെരഞ്ഞെടുപ്പിൽ ഹരി മത്സരിച്ച വാർഡിൽ 900 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 436 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലായിരുന്നു ആർ. ഹരിയുടെ ജയം.

നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കെട്ടിവെക്കേണ്ട തുകയും പ്രസ്താവന പ്രിന്റ് ചെയ്യേണ്ട തുകയും മാത്രമാണ് ഹരിയുടെ തെരഞ്ഞെടുപ്പ് ചെലവ്. വോട്ടെടുപ്പ് ദിനം ബൂത്ത് കെട്ടുന്ന പതിവ് പോലും തനിക്കില്ലെന്ന് ഹരി പറയുന്നു . തൊടുപുഴ നഗരസഭയിലെ മുപ്പതാം വാർഡായ കോലാനിയിലാണ് ആർ ഹരിയുടെ ഏഴാം അങ്കം.

SCROLL FOR NEXT