കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം.വിനുവിൻ്റെ പേരുള്ളത് വേറെ പട്ടികയിലെന്ന് വിവരം. 2021ലെ നിയമസഭാ വോട്ടർ പട്ടികയിലാണ് വി.എം. വിനുവിൻ്റേയും കുടുംബത്തിൻ്റേയും പേരുള്ളത്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 79-ാം നമ്പർ ബൂത്തിലാണ് വോട്ട്. 79-ാം നമ്പർ ബൂത്തിലെ ക്രമനമ്പർ 1088 മുതൽ 1091 വരെയുള്ള വോട്ടുകളാണ് വി. എം. വിനുവിനും കുടുംബത്തിനും.
2020ലെ തെരഞ്ഞെടുപ്പിൽ മലാപ്പറമ്പിൽ താൻ വോട്ട് ചെയ്തതായി വി.എം. വിനു അവകാശപ്പെട്ടിരുന്നു. എന്നാൽ മലാപ്പറമ്പ് ഡിവിഷനിൽ 2020ലെ വോട്ടർ പട്ടികയിലും വി.എം. വിനുവിൻ്റെ പേരില്ലെന്ന് തെളിയിക്കുന്ന രേഖകൾ ന്യൂസ് മലയാളം പുറത്തു വിട്ടിരുന്നു.
കോർപ്പറേഷനിൽ നിന്ന് ആരോ പേര് മനപൂർവം നീക്കം ചെയ്തുവെന്നാണ് കരുതുന്നതെന്നും വി.എം.വിനു ആരോപിച്ചിരുന്നു. ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറും വി.എം. വിനു വോട്ട് ചെയ്തെന്ന് ആവർത്തിച്ചു. വോട്ടർ പട്ടികയിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും പ്രവീൺ കുമാർ പറഞ്ഞിരുന്നു.