Local Body Poll

ബിജെപിക്ക് കൈവിട്ട് പോകുമോ തിരുമല വാർഡ്? അനിലിന്റെ മരണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

തിരുമലയിലെ ജനങ്ങളും സ്ഥാനാർഥികളും എന്ത് പറയുന്നുവെന്ന് കാണാം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപറേഷൻ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള വാർഡാണ് തിരുമല. മുൻ കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കിയത്, ബിജെപിക്ക് അവരുടെ കുത്തക വാർഡ് കൈവിട്ട് പോകാൻ കാരണമാകുമോ? തിരുമലയിലെ ജനങ്ങളും സ്ഥാനാർഥികളും എന്ത് പറയുന്നുവെന്ന് കാണാം...

തിരുവനന്തപുരം കോർപ്പറേഷനിലെ 43ാം വാർ‍ഡ്. എട്ട് ബൂത്തുകളിലായി 12,‍‍000ത്തിലധികം വോട്ടർമാർ. അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന തിരുമലയെ മുൻ കൗൺസിലർ അനിൽകുമാറിന്റെ മരണത്തോടെയാണ് രാഷ്ട്രീയ കേരളമറിയുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ച് കുലുക്കിയ അനിലിന്റെ മരണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

തിരുമലയിൽ ഇത്തവണ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. 25 വർഷത്തിന് ശേഷം ഡിവിഷൻ പിടിക്കാനാണ് യുഡിഎഫ് ശ്രമം. കോൺഗ്രസിന്റെ തിരുമല മണ്ഡലം സെക്രട്ടറി മഞ്ജുളാ ദേവി ആണ് സ്ഥാനാർഥി. 10 വർഷമായി ബിജെപിയാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. 2020 തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ആർ.പി. ശിവജിയെ 283 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് അനിൽ തോൽപ്പിച്ചത്.

ഇത്തവണ വാർഡ് തിരിച്ച് നേടാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പക്ഷേ അനിലിന്റെ മരണം ചൂണ്ടികാണിച്ച് വോട്ട് തേടില്ല എന്നാണ് സ്ഥാനാർഥി ഗംഗ പി. എസിന്റെ നിലപാട്. അനിലിന്റെ മരണത്തിന് പിന്നാലെയുള്ള ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണവും ബിജെപിയ്ക്ക് തിരിച്ചടിയാണ്. അനിലിന്റെ ബന്ധുവായിരുന്ന ആനന്ദ് തമ്പിയുടെ നാട് തിരുമലയ്ക്ക് തൊട്ടടുത്ത തൃക്കണ്ണാപ്പുരമാണ്. പാർട്ടിയെ പ്രതിരോധത്തിലാക്കിയ നേതാക്കളുടെ മരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.

SCROLL FOR NEXT