തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്. യുവാക്കളെ പരിഗണിക്കുമെന്ന് സർക്കുലറിലുണ്ടായിരുന്നെങ്കിലും നടപ്പായില്ല. 50 ശതമാനം സീറ്റുകൾ ചെറുപ്പക്കാർക്ക് മാറ്റിവയ്ക്കണമെന്നത് എഐസിസി നിലപാടാണ്. നേതൃത്വം ഭൂതകാലം മറക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ലെന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് പറയുന്നത്. കോൺഗ്രസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസിന് പരിഗണിക്കാനുള്ള സാഹചര്യമുണ്ട്. പട്ടിക സമർപ്പിച്ചിട്ടും വേണ്ട രീതിയിലുള്ള പരിഗണന ഉണ്ടായില്ല. സ്ഥാനാർഥി നിർണയത്തിൽ പാർട്ടി 30 വർഷം പുറകെ നിൽക്കുകയാണെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
"സ്ഥാനാർഥി നിർണയത്തിൽ പരാതികൾ ഉയർന്നുവരുന്നു എന്നത് യാഥാർഥ്യമാണ്.വരും ദിവസങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കെപിസിസി നേതൃത്വം ഭൂതകാലം മറക്കുകയാണ്. 21,000 സീറ്റുകളിൽ പരിഗണിച്ച യൂത്ത് കോൺഗ്രസുകാരുടെ എണ്ണം കെപിസിസി പരിശോധിക്കേണ്ടതാണ്. പാർട്ടി താഴെത്തലത്തിൽ നിർദേശം നൽകിയെന്നാണ് അറിയുന്നത്. എന്നാൽ നടപടികൾ ഇതുവരെ ഉണ്ടായില്ല," ഒ.ജെ. ജനീഷ് പറയുന്നു.
കേരളത്തിലെ യുവ സമൂഹത്തിന് കൊടുക്കേണ്ട പരിഗണന സ്ഥാനാർഥി നിർണയത്തിലുണ്ടായിട്ടില്ലെന്ന് ഒ.ജെ. ജനീഷ് അഭിപ്രായപ്പെട്ടു. പാർട്ടി ഇന്നുവരെ ജയിച്ചിട്ടില്ലാത്ത വാർഡിലാണ് താൻ വ്യക്തിപരമായി മത്സരിച്ചത്. പാർട്ടി ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലും പരിഗണിക്കണം. പലസ്ഥലങ്ങളിലും അപ്രതീക്ഷിതമായ വിജയം നേടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കുമെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.