NEWSROOM

യുപിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം; പത്ത് കുട്ടികൾക്ക് ദാരുണാന്ത്യം

ത്സാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ അത്യാഹിത വിഭാഗത്തിലാണ് വൻ തീപിടുത്തമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

ഉത്ത‍ർ പ്രദേശിലെ ത്സാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് കുട്ടികൾക്ക് ദാരുണാന്ത്യം. ത്സാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ അത്യാഹിതവിഭാ​ഗത്തിലാണ് വൻ തീപിടുത്തമുണ്ടായത്. മരിച്ച പത്ത് കുഞ്ഞുങ്ങളിൽ ഏഴെ പേരെ തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികളെ തിരിച്ചറിയാൻ ശ്രമങ്ങൾ തുടരുകയാണ്. നാശനഷ്ടങ്ങൾ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോ‍ർട്ടുകൾ.

തീപിടുത്തത്തിന് കാരണം ഷോ‍ർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നി​ഗമനം. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് പുക നിറഞ്ഞ വാർഡിൻ്റെ ജനാലകൾ തകർത്ത് ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും രോഗികളെ ഒഴിപ്പിക്കുകയായിരുന്നു.

ഷോ‍ർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തിൽ പത്ത് കുട്ടികളം മരണപ്പെട്ടതായും, 35ഓളം കുട്ടികളെ രക്ഷിച്ചതായും ത്സാൻസി ജില്ലാ മജിസ്ട്രേറ്റ് അവിനാശ് കുമാ‍ർ അറിയിച്ചു. സംഭവസ്ഥലത്ത് ആറ് ഫയ‍ർ എൻജിനുകൾ എത്തിച്ചതായും അദ്ദേഹം അറിയിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സ് പോസ്റ്റിലൂടെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രജേഷ് പഥക്കും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയും സ്ഥിതിഗതികൾ വിലയിരുത്താൻ ഝാൻസിയിലേക്ക് തിരിച്ചിട്ടുണ്ട്.

SCROLL FOR NEXT