NEWSROOM

തെരഞ്ഞെടുപ്പിന് പത്ത് നാള്‍ ശേഷിക്കേ മാറിമറിയുന്ന അഭിപ്രായ സര്‍വേ; ആരാകും അമേരിക്കയുടെ അടുത്ത പ്രസിഡന്റ്

കമല ഹാരിസിനെ യുഎസ്സിന്റെ അടുത്ത പ്രസിഡന്റ് എന്നാണ് ബിയോണ്‍സെ വിശേഷിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി പത്ത് നാള്‍ കൂടിയാണ് ബാക്കിയുള്ളത്. പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ കമലാ ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പോരാട്ടം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനൊപ്പം കൂടുതല്‍ കൂടുതല്‍ കനപ്പെട്ടു വരികയാണ്.

കമല ഹാരിസിന് പിന്തുണയുമായി ഗായികരായ ബിയോണ്‍സെ, കെല്ലി റോളണ്ട്, വില്ലി നെല്‍സണ്‍ എന്നീ സെലിബ്രിറ്റികള്‍ പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. ട്രംപിന് പിന്തുണക്കുന്നവരിൽ മുൻനിരയിലുള്ളത് ഇലോൺ മസ്കാണ്. ടെക്‌സാസില്‍ തങ്ങളുടെ സ്റ്റാര്‍ പവര്‍ കമലയ്ക്കുള്ള വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിയോണ്‍സെയും വില്ലി നെല്‍സണും.

ടെക്‌സാസില്‍ നടന്ന പ്രചരണത്തില്‍ കമല ഹാരിസിനെ യുഎസ്സിന്റെ അടുത്ത പ്രസിഡന്റ് എന്നാണ് ബിയോണ്‍സെ വിശേഷിപ്പിച്ചത്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമലയും എതിര്‍ക്കുന്ന ട്രംപും തമ്മിലുള്ള പോരാട്ടത്തില്‍ ആര്‍ക്കൊപ്പമാകും അമേരിക്കന്‍ ജനത നില്‍ക്കുക?

ഹൂസ്റ്റണ്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങള്‍ക്ക് മുന്നില്‍, താന്‍ നില്‍ക്കുന്നത് സെലിബ്രിറ്റിയായോ രാഷ്ട്രീയക്കാരിയായോ അല്ല, ഒരു അമ്മയായി മാത്രമാണെന്നാണ് ബിയോണ്‍സെ പറഞ്ഞത്. സ്വന്തം കുട്ടികളടക്കം ജീവിക്കുന്ന ലോകത്തെ കുറിച്ച് ആശങ്കയുള്ള അമ്മമാരില്‍ ഒരാളാണ് താനെന്ന് കമല ഹാരിസിനെ പിന്തുണച്ചു കൊണ്ട് ബിയോണ്‍സെ പറഞ്ഞു.


ഇതേസമയം മറുവശത്ത്, പോഡ്കാസ്റ്റര്‍ ജോ രോഗനൊപ്പം മൂന്ന് മണിക്കൂര്‍ അഭിമുഖത്തിന് ഇരുന്നായിരുന്നു ട്രംപിന്റെ പ്രചരണം. തെരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും കമലയും ട്രംപും തമ്മിലുള്ള പോരാട്ടം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഒക്ടോബര്‍ 20 മുതല്‍ 23 വരെ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ കമലയും ട്രംപും തമ്മില്‍ ദേശീയതലത്തില്‍ 48 ശതമാനം തുല്യത പുലര്‍ത്തുന്നു എന്നാണ്. സ്ത്രീ വോട്ടര്‍മാരില്‍ കമലയ്ക്കാണ് മുന്‍തൂക്കം. കമലയ്ക്ക് 54 ശതമാനം പേരുടെ പിന്തുണയുണ്ടെങ്കില്‍ ട്രംപിന് സ്ത്രീകള്‍ക്കിടയില്‍ 42 ശതമാനം മാത്രമേയുള്ളൂവെന്ന് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുരുഷ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ട്രംപിനാണ്. 55 ശതമാനം പേര്‍ ട്രംപിനെ പിന്തുണയ്ക്കുമ്പോള്‍ കമലയ്ക്കുള്ള പിന്തുണ 41 ശതമാനം മാത്രമാണ്.

18 നും 29 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത കൂടുതല്‍ കമലയ്ക്കാണ്. 55 ശതമാനം പേര്‍ കമലയെ പിന്തുണയ്ക്കുമ്പോള്‍ യുവാക്കള്‍ക്കിടയില്‍ ട്രംപിന് 43 ശതമാനമാണ്. എന്നാല്‍ 45 നും 64 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ട്രംപിനാണ്. 51 ശതമാനം പേരാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. കമലയ്ക്കാകട്ടെ ഈ പ്രായപരിധിയില്‍ 44 ശതമാനത്തിന്റെ പിന്തുണയാണുള്ളത്.


പ്രതികരിച്ചവരില്‍ 61 ശതമാനം പേര്‍ രാജ്യം തെറ്റായ പാതയിലേക്ക് നീങ്ങുകയാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 27 ശതമാനം പേര്‍ അത് ശരിയായ പാതയിലാണെന്നാണ് അഭിപ്രായപ്പെട്ടത്. യാഥാസ്ഥിതിക നിലപാടുകളെ എതിര്‍ക്കുന്ന കമലയ്ക്ക് ഭീഷണിയാകുന്നതാണ് ഈ 61 ശതമാനം.

അതേസമയം, ഫൈവ്‌തേര്‍ട്ടിഎയിറ്റ് പോള്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് കമലയ്ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ട്രംപിന് 46.6 ശതമാനം ലീഡ് ആണ് ഉള്ളതെങ്കില്‍ കമലയ്ക്ക് 48 ശതമാനം ലീഡ് കാണിക്കുന്നുണ്ട്. എന്നാല്‍, കമലയുടെ 1.4 ശതമാനം ലീഡ് നില കഴിഞ്ഞ ആഴ്ച 1.8 ആയിരുന്നുവെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.

അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളില്‍ നോര്‍ത്ത് കരോലീനയില്‍ ട്രംപിന് ഒരു ശതമാനത്തിന്റെ മുന്‍തൂക്കമുണ്ടെന്നാണ് ഫൈവ്‌തേര്‍ട്ടിഎയിറ്റിന്റെ പുതിയ റിപ്പോര്‍ട്ട്. അരിസോണയിലും ജോര്‍ജിയയിലും ഇത് രണ്ട് ശതമാനമുണ്ട്. മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപും കമലയും തമ്മിലുള്ള വ്യത്യാസം വെറും അര ശതമാനം മാത്രമാണ്. പെന്‍സില്‍വാനിയയിലും നെവാഡയിലും ട്രംപിനാണ് നേരിയ മുന്‍തൂക്കമെങ്കില്‍, മിഷിഗണിലും വിസ്‌കോണ്‍സിനിലും കമലയ്ക്കാണ് മുന്‍തൂക്കം.

തെരഞ്ഞെടുപ്പ് ഫലം എങ്ങോട്ടും മാറി മറിയാം എന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

SCROLL FOR NEXT