മദ്രാസ് ഹൈക്കോടതി 
NEWSROOM

10 ലക്ഷം രൂപ അധികമാണ്; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

65 പേരുടെ മരണത്തിനിരയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിനെതിനെ ചോദ്യം ചെയ്തുള്ള പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഉയര്‍ന്ന തുകയാണെന്നും കോടതി നിരീക്ഷിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഒരാള്‍ അപകടത്തില്‍ മരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാം. എന്നാല്‍ ഇത് അങ്ങനെയൊരു സാഹചര്യമല്ല. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ തുക പ്രോത്സാഹനമാണെന്നും, സെക്രട്ടറിമാരോട് ആലോചിച്ച് ശരിയായ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് വിഷമദ്യ ദുരന്തത്തിന് കാരണം എന്നും കോടതി നിരീക്ഷിച്ചു. അതേസമയം ദുരന്ത സാഹചര്യത്തെ നേരിടാന്‍ ആണ് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയെ ചോദ്യം ചെയ്ത് മുഹമ്മദ് ഘൗസ് ആണ് കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അനധികൃത മദ്യം കഴിക്കുന്നത് കുറ്റകരമായ കാര്യമാണെന്നും, അത്തരത്തിലുള്ള മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് ഇത്രയും തുക നല്‍കുന്നത് എന്തിനാണെന്നുമാണ് ഹര്‍ജിയില്‍ പരാതിക്കാരന്‍ ചോദിച്ചത്. ഇരകളാരും സ്വാതന്ത്ര്യ സമര സേനാനികള്‍ അല്ലെന്നും അവര്‍ മരിച്ചത് നാടിന് വേണ്ടി പോരാടിയിട്ടല്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

SCROLL FOR NEXT